print edition ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം വിലക്കും; സുപ്രീംകോടതി നിർദേശം

സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:49 AM | 1 min read
ന്യൂഡൽഹി: കാറുകൾക്കും ബൈക്കുകൾക്കുമുള്ള രജിസ്‌ട്രേഷൻ സമയത്തെ നിർബന്ധിത തേർഡ് പാർടി ഇൻഷുറൻസിന്റെ കവറേജ് ഒരുവർഷത്തേക്കുകൂടി നീട്ടി സുപ്രീംകോടതി. കാറുകളുടേത് മൂന്നിൽനിന്ന് നാലുവർഷമായും ബൈക്കുകളുടേത് അഞ്ചിൽനിന്ന് ആറുവർഷമായും ഉയർത്തി. ജസ്‌റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്‌റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
‘ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നത് പരിഗണിക്കണം. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎ),കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എന്നിവ ഇതിന്റെ പൈലറ്റ് പദ്ധതി തയ്യാറാക്കണം. ട്രാഫിക് പൊലീസിന് ഇൻഷുറൻസ് ഡാറ്റാ ബേസുമായി ബന്ധിപ്പിച്ച ആപ്പുകൾ നൽകണം. ഇതുവഴി ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് തത്സമയം പിഴ ചുമത്താം. ഇൻഷുറൻസ് വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ പൊതു പ്ലാറ്റ്‌ഫോം രൂപീകരിക്കണം’ – കോടതി നിർദേശിച്ചു.
ഐആർഡിഎയുമായും കേന്ദ്രസർക്കാരുമായും കൂടിയാലോചിച്ചുവേണം കന്പനികൾ, പുതുക്കിയ കാലാവധി പ്രകാരമുള്ള ഇൻഷുറന്‍സിന്റെ പ്രീമിയം നിശ്ചയിക്കാൻ. സഹയാത്രികർ, ഉടമ, വാഹനം എന്നിവയ്‌ക്കുള്ള ഓപ്‌ഷണൽ പ്രീമിയങ്ങളെക്കുറിച്ചും രജിസ്‌ട്രേഷൻ സമയത്ത് അറിയിക്കണം. ഇൗ പ്രീമിയങ്ങളുടെ ഘടന, തുക എന്നിവ കന്പനികൾക്ക് തീരുമാനിക്കാം. സമഗ്ര കവറജുകളുടെ വിവരങ്ങൾ ലളിതമായി വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കണം. ടോൾ പ്ലാസകളിലെ നീണ്ട ക്യൂവും അപകടങ്ങളും ഒഴിവാക്കാൻ പ്രത്യേക ഇടനാഴികൾ കേന്ദ്രസർക്കാർ നടപ്പാക്കണം. 2022 മാർച്ച് 31ന് മുന്പുള്ള എല്ലാ വാഹനാപകട കേസുകളും വേഗത്തിൽ തീർപ്പാക്കണമെന്നും ഉത്തരവിലുണ്ട്. തേർഡ് പാർടി ഇൻഷുറൻസ് നിർബന്ധമാക്കി 2018ൽ ഉത്തരവിട്ടിട്ടും ഭൂരിപക്ഷം വാഹനങ്ങൾക്കും കവറേജ് ഇല്ലെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയാണ് വിപുലമായ ഉത്തരവ്.










0 comments