ആംബുലൻസ് ലഭിച്ചില്ല: മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ വീട്ടിലെത്തിച്ച് കുടുംബം

ഹൈദരാബാദ്: തെലങ്കാനയിൽ ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ചുമന്ന് കുടുംബം. കരിംനഗർ ജില്ലയിലെ ശങ്കരപട്ടണം സ്വദേശിയായ യാക്കൂബ് എന്ന ബാലന്റെ മൃതദേഹമാണ് ഉന്തുവണ്ടിയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്. സ്വകാര്യ ആംബുലൻസുകൾ ആവശ്യപ്പെട്ട വൻ തുക നൽകാൻ നിർധന കുടുംബത്തിന് സാധിക്കാതെ വന്നതോടെയാണ് ഈ ദുരവസ്ഥയുണ്ടായത്.
മകന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിന്, അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ പോലും അധികൃതർ നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പോലും പാവപ്പെട്ടവർക്ക് താങ്ങാകേണ്ട സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ജനുവരിയിൽ ഫരീദാബാദിൽ ക്ഷയരോഗം ബാധിച്ച് മരിച്ച 35 കാരിയുടെ മൃതദേഹം ആശുപത്രി ജീവനക്കാർ സഹായിക്കാത്തതിനെത്തുടർന്ന് 12 കിലോമീറ്ററോളം ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നിരുന്നു. മൃതദേഹവുമായി ഉന്തുവണ്ടി തള്ളുന്ന പിതാവിന്റെയും അമ്മയുടെ മുഖം തുണികൊണ്ട് മറയ്ക്കുന്ന മകന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
2025 ആഗസ്തിലും തെലങ്കാനയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉന്തുവണ്ടിയിലാണ് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്.











0 comments