Deshabhimani

എംബിബിഎസ്‌: വ്യാജന്മാരെ ശ്രദ്ധിക്കണം, പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമീഷന്റെ അനുമതി നിർബന്ധം

medical college

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 08, 2026, 05:26 PM | 1 min read

ന്യൂഡൽഹി : എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമീഷന്റെ അനുമതി നിർബന്ധമാണെന്നും വ്യാജ കോളേജുകളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്. രാജ്യത്ത് വ്യാജ മെഡിക്കൽ കോളേജുകളും തട്ടിപ്പ് പ്രവേശന വാഗ്ദാനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ദേശീയ മെഡിക്കൽ കമീഷന്റെ (എൻഎംസി) മുന്നറിയിപ്പ്.


മെഡിക്കൽ കോളേജുകളുടെ അംഗീകാരവും പ്രവേശനാനുമതിയും പരിശോധിച്ച് ഉറപ്പുവരുത്താതെ ഫീസ് അടയ്ക്കരുതെന്ന് കമീഷൻ നിർദേശിച്ചു. പ്രവേശനം തേടുന്നതിന് മുമ്പ് സ്ഥാപനത്തിന് ദേശീയ മെഡിക്കൽ കമീഷന്റെ അം​ഗീകാരം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചു.


എൻഎംസിയുടെ ഔദ്യോഗിക പട്ടികയിൽ ഒരു കോളേജിന്റെ പേരുണ്ടെന്നതുകൊണ്ടുമാത്രം ആ അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടെന്ന് കരുതരുതെന്നും കമീഷൻ പറഞ്ഞു. അതത് വർഷത്തെ പ്രവേശനാനുമതിയും അനുവദിച്ച സീറ്റുകളുടെ എണ്ണവും എൻഎംസിയുടെയും മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെയും ഔദ്യോഗിക രേഖകളിലൂടെ പരിശോധിക്കണം.


കോളേജുകളുടെ വെബ്‌സൈറ്റുകൾ, ബ്രോഷറുകൾ, സമൂഹമാധ്യമ പരസ്യങ്ങൾ, സ്ഥാപനങ്ങൾ പ്രചരിപ്പിക്കുന്ന അനുമതിപത്രങ്ങൾ എന്നിവ മാത്രം വിശ്വസിക്കരുതെന്നും നിർദേശമുണ്ട്. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയോ ബന്ധപ്പെട്ട സംസ്ഥാന കൗൺസലിങ് അതോറിറ്റികൾ വഴിയോ മാത്രമേ പ്രവേശന നടപടികൾ നടത്താവൂ. അംഗീകാരമില്ലാത്ത ഏജന്റുമാർക്കും ഇടനിലക്കാർക്കും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കും പണം നൽകരുത്.


മറ്റ് സ്ഥാപനങ്ങളിൽനിന്നുള്ള അംഗീകാരമോ അഫിലിയേഷനോ എംബിബിഎസ് കോഴ്സ് നടത്താനുള്ള എൻഎംസി അനുമതിയായി കണക്കാക്കാനാകില്ല. വ്യാജ കോളേജുകൾ, വ്യാജ അനുമതിപത്രങ്ങൾ, പ്രവേശനത്തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ എൻഎംസിയെയോ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെയോ പൊലീസിനെയോ അറിയിക്കണമെന്നും കമീഷൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home