ad
Deshabhimani

നീറ്റ് പുനഃപരീക്ഷ; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂൺ 20, 21 തീയതികളിൽ അവധി നൽകരുതെന്ന് എൻഎംസി

NRi quota Mbbs Admission

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 02:18 PM | 1 min read

ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ രാജ്യത്തെ മെഡിക്കൽ കോളേജുകൾക്ക് കർശന നിർദ്ദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ.


പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ജൂൺ 20, 21 തീയതികളിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും അവധി അനുവദിക്കരുതെന്ന് കമ്മീഷൻ ഉത്തരവിട്ടു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ചാണ് ജൂൺ 18-ന് എൻഎംസി ഇത്തരമൊരു പൊതുഅറിയിപ്പ് പുറപ്പെടുവിച്ചത്. പരീക്ഷാ അട്ടിമറികളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ നടപടി.


മുൻവർഷങ്ങളിൽ മെഡിക്കൽ പരീക്ഷകളുടെ പവിത്രത തകർക്കുന്ന തരത്തിലുള്ള ചില തട്ടിപ്പ് സംഘങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് വിദ്യാർത്ഥികൾ കൃത്യമായ കാരണങ്ങളില്ലാതെ കാമ്പസ് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.


അവധി നിയന്ത്രിക്കുന്നതിനൊപ്പം, പരീക്ഷകളിൽ ധാർമ്മികത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കാനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


നീറ്റ് യുജി പുനഃപരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും സംയുക്ത ഉത്തരവാദിത്തമാണ്. പരീക്ഷാ പ്രക്രിയയെ ബാധിക്കുന്ന യാതൊരുവിധ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ പങ്കാളികളാകുന്നില്ലെന്ന് കോളേജ് അധികൃതർ ഉറപ്പാക്കണമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


കോളേജ് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആവശ്യമുള്ളപ്പോൾ സർക്കാർ ഏജൻസികളുമായി പൂർണ്ണമായി സഹകരിക്കണമെന്നും എൻഎംസി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home