മുഖ്യമന്ത്രി പദവിയിലേക്ക് ടേം വ്യവസ്ഥ വേണമെന്ന് ബിജെപി നിതീഷിനോട് ആവശ്യപ്പെട്ടേക്കാം
print edition നിതീഷിനെ ഒതുക്കാനുള്ള നീക്കം ബിജെപി ശക്തമാക്കും

ന്യൂഡൽഹി
നിതീഷ് കുമാറിനെ ഒതുക്കുകയെന്ന ബിജെപി ലക്ഷ്യത്തിന് അനുകൂല സാഹചര്യമാണ് ബിഹാറിൽ ഒരുങ്ങുന്നത്. നിതീഷാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്നോ ജയിച്ചാൽ മുഖ്യമന്ത്രി തുടരുമെന്നോ പറയാൻ ബിജെപി തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും തയ്യാറായില്ല. മഹാരാഷ്‌ട്രയിൽ ശിവസേനയെ നെടുകെ പിളർത്തി അധികാരത്തിലെത്തിയ ബിജെപി ഏക്‌നാഥ് ഷിൻഡേയെ മുഖ്യമന്ത്രി പദത്തിൽനിന്ന് പുറത്താക്കിയ ചരിത്രം നിതീഷിനെ ഭയപ്പെടുത്തും.
89 സീറ്റുള്ള ബിജെപിയാണ് വലിയ ഒറ്റകക്ഷി. 19 സീറ്റുള്ള എൽജെപി (രാംവിലാസ്)യും അഞ്ച് സീറ്റുള്ള എച്ച്എഎമ്മും നാല് സീറ്റുള്ള ആര്‍എൽഎമ്മും ചേർന്നാൽ 117 പേരുടെ പിന്തുണ. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുവേണം. നിതീഷിന് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടെന്നും വീണ്ടുമൊരു സർക്കാരിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ബിജെപിക്ക് അഭിപ്രായമുണ്ടെങ്കിലും 85 സീറ്റിൽ ജയിച്ച ജെഡിയുവിനെ തഴയുക എളുപ്പമല്ല. മാത്രമല്ല, കേന്ദ്രസർക്കാരിലും കക്ഷിയായ ജെഡിയുവിനെ അത്രവേഗം പിണക്കാനുമാകില്ല. അതേസമയം ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയടക്കമുള്ളവർ മുഖ്യമന്ത്രി പദവി കണ്ണുവയ്‌ക്കുന്നുണ്ട്. മുഖ്യമന്ത്രി പദവിയിലേക്ക് ടേം വ്യവസ്ഥ വേണമെന്ന് ബിജെപി നിതിഷിനോട് ആവശ്യപ്പെട്ടേക്കാം.









0 comments