രാജ്യതലസ്ഥാനത്ത് തിരോധാനങ്ങൾ വർധിക്കുന്നു; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ആളുകളെ കാണാതാകുന്ന സംഭവങ്ങൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും കമ്മീഷൻ നോട്ടീസ് അയച്ചു.
2026-ന്റെ തുടക്കത്തിൽ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 807 പേരെ കാണാതായെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഈ വർഷം ജനുവരി 27 വരെ ലഭിച്ച കണക്കുകൾ പ്രകാരം 807 പേരെ കാണാതായതിൽ 235 പേരെ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. ബാക്കിയുള്ള 572 പേരെക്കുറിച്ച് ഡൽഹി പൊലീസിന് യാതൊരു സൂചനയുമില്ല.
ശരാശരി പ്രതിദിനം 27 പേരെ കാണാതാകുമ്പോൾ വെറും 9 പേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ ഡൽഹിയിൽ നിന്ന് മാത്രം കാണാതായത് 53,977 പേരെയാണ്. ഈ ഗുരുതരമായ സാഹചര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഡൽഹി പൊലീസ് രംഗത്തെത്തിയത് വിവാദമായിരുന്നു.
പണം നൽകിയുള്ള പ്രചാരണമാണ് ഇതെന്ന് പറഞ്ഞ് വസ്തുതകളെ മറച്ചുപിടിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടൽ.
കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിനും അവരെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെടുന്നതിനും വ്യക്തമായ മറുപടി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.










0 comments