ഹൈഡ്രജൻ ട്രെയിനിനു നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞോ? പ്രക്ഷോഭത്തെ താറടിക്കാൻ ബിജെപിയുടെ വ്യാജ വീഡിയോ ഫാക്ടറി

പ്രതിഷേധക്കാരെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ഡല്‍ഹി പൊലീസ്
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ കരിവാരിത്തേക്കാൻ സംഘപരിവാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. അതിനായി കള്ളത്തരങ്ങളുടെ ചീട്ടുകൊട്ടാരമാണ് ബിജെപിയും സംഘപരിവാറും പണിതുകൊണ്ടിരിക്കുന്നത്. എന്നാൽ സമരം ചെയ്യുന്ന വിദ്യാർഥികളെയും യുവാക്കളെയും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കങ്ങളെല്ലാം പൊളിഞ്ഞുവീണുകഴിഞ്ഞു. ബിജെപിയും സംഘപരിവാറും മെനഞ്ഞ വ്യാജവീഡിയോകളുടേയും പോസ്റ്റുകളുടേയും വസ്തുതകൾ എല്ലാം പുറത്തുവന്നു.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിനു നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ ഐടി സെൽ വ്യാപകമായി വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചത്. എന്നാൽ, ഉത്തര റെയില്‍വേയുടെ പ്രസ്താവന തന്നെ ഈ കള്ളം പൊളിച്ചടുക്കി. ബിഹാറിലെ പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ മാസം 14-ന് പരീക്ഷാ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ എടുത്താണ് ബിജെപി, പ്രക്ഷോഭകർ ട്രെയിനിന് നേരെ കല്ലേറ് നടത്തിയെന്ന പേരിൽ പ്രചരിപ്പിച്ചത്. ഹൈഡ്രജൻ ട്രെയിനിനു നേരെ കല്ലേറുണ്ടായിട്ടില്ലെന്നും സർവീസ് മുടങ്ങിയിട്ടില്ലെന്നും റെയിൽവേയ്ക്ക് ഒടുവിൽ ഔദ്യോഗികമായി വിശദീകരിക്കേണ്ടി വന്നതോടെ കള്ളങ്ങളിൽ ഒന്ന് എട്ടുനിലയിൽ പൊട്ടി.
സമരത്തിന്റെ മുൻനിരയിലുള്ള പ്രശസ്ത സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ രാജ്യദ്രോഹിയാക്കാനും മോദി അനുകൂലികൾ നീക്കം നടത്തിയതായിരുന്നു രണ്ടാമത്തെ വലിയ നുണ. ലഡാക്കിന്റെ സംസ്ഥാന പദവിക്കായി നടന്ന സമരത്തിനിടെ ഒരു ഹാസ്യതാരം പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കുന്ന സോനം വാങ്ചുകിന്റെ വിഡിയോയിൽ നിന്ന് ഒരു ഭാഗം മാത്രം മുറിച്ചെടുത്താണ് ചൈനീസ് അനുകൂലിയാക്കാൻ സംഘപരിവാർ ഐടി സെൽ ശ്രമിച്ചത്.
ഡൽഹിയിലെ പ്രതിഷേധത്തിനിടെ തകർന്ന ചില പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ കാണിച്ച് വിദ്യാർഥികൾ സാമൂഹിക വിരുദ്ധരാണെന്ന് വരുത്തിത്തീർക്കാനായിരുന്നു അടുത്ത ശ്രമം. എന്നാൽ വിദ്യാർഥികൾക്ക് നേരെ കല്ലെറിയുന്ന പൊലീസിന്റെയും റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതും പാളി. ലാത്തികൊണ്ട്, നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുതകർക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവിട്ടാണ് പ്രക്ഷോഭകാരികൾ കേന്ദ്രത്തിന്റെ കള്ളത്തരം തുറന്നുകാട്ടിയത്.
അതേസമയം രാജ്യതലസ്ഥാനത്ത് സമരക്കാരെ നേരിടാൻ ഔദ്യോഗിക പൊലീസിന് പുറമെ, നെയിം ബോർഡുകളോ കൃത്യമായ തിരിച്ചറിയൽ രേഖകളോ ഇല്ലാത്ത വ്യാജ പൊലീസുകാരെയും സംഘപരിവാർ ഗുണ്ടകളെയും തെരുവിലിറക്കുകയാണ് കേന്ദ്രം. സമാധാനപരമായി പ്രതിഷേധിച്ച യുവതയെ ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പലതും പുറത്തുവന്നിരുന്നു.
പ്രക്ഷോഭം നടത്തുന്നവരെ, ആർഎസ്എസ്- ബിജെപി അനുകൂലികൾ പൊലീസിന്റെ ഒത്താശയോടെ അവരുടെ മുന്നിലിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാത്തിയുപയോഗിച്ച് പ്രക്ഷോഭകരെ ക്രൂരമായി മർദിക്കുന്ന പലരും കേന്ദ്രം രംഗത്തിറക്കിയ സംഘപരിവാർ പ്രവർത്തകരാണ്. അതിൽകുറച്ചുപേരെ തിരിച്ചറിഞ്ഞതോടെയാണ് മോദിസർക്കാരിന്റെ ക്രൂരതയുടെ മറ്റൊരുമുഖം പുറത്തായത്.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ റോഡിലിറങ്ങിയിരിക്കുന്ന 'പൊലീസുകാർ' എന്ന് അവകാശപ്പെടുന്ന ഭൂരിഭാഗം പേരുടെയും യൂണിഫോമിൽ നെയിം ബോർഡുകളോ, മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഇല്ല. സാധാരണയായി ഒരു ജനാധിപത്യ രാജ്യത്ത് ക്രമസമാധാന പാലനത്തിന് ഇറങ്ങുന്ന പൊലീസുകാർ തങ്ങളുടെ പേര് വെളിപ്പെടുത്തണമെന്ന നിയമം നിലനിൽക്കെയാണ്, എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ഗുണ്ടകളെപ്പോലെ ഒരു സംഘം തെരുവിൽ നരനായാട്ട് നടത്തുന്നത്.
കൂടാതെ, സമരത്തെ പിന്തുണച്ചെത്തുന്ന ചലച്ചിത്ര താരങ്ങളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കാനും രാജ്യദ്രോഹിയാക്കാനുമുള്ള ശ്രമങ്ങൾ ഇതിനോടൊപ്പം നടക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സമരത്തെ പിന്തുണച്ച ടൊവിനോ തോമസിനേയും മോഹൻലാലിന്റെ മകൾ വിസ്മയയേയും പാർവതിയേയുമെല്ലാം സോഷ്യൽമീഡിയയിലൂടെ അവഹേളിക്കുന്നത്.









0 comments