ad
Deshabhimani

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു, ദേശീയപാത ഉപരോധിച്ചു

Manipur.jpg
വെബ് ഡെസ്ക്

Published on May 16, 2026, 06:46 AM | 1 min read

ഇംഫാൽ: വംശീയ കലാപം വിഴുങ്ങിയ മണിപ്പൂർ വീണ്ടും കടുത്ത അശാന്തിയിലേക്ക്. ക്രൈസ്തവ സഭാനേതാക്കളുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തെ മലയോര മേഖലകൾ വീണ്ടും വൻ സംഘർഷഭരിതമായി. ഇതിനിടെ സിങ്‌ജാമേയ് ബസാറിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.


സഭാനേതാക്കളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുക്കി സംഘടനകൾ ദേശീയ പാത-2 അടക്കമുള്ള പ്രധാന റോഡുകൾ പൂർണ്ണമായി ഉപരോധിച്ചതോടെ മലയോര മേഖലയിലെ ജനജീവിതവും ഗതാഗതവും പൂർണ്ണമായി സ്തംഭിച്ച നിലയിലാണ്.


അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 പേരെ സംയുക്ത സുരക്ഷാസേന വിജയകരമായി മോചിപ്പിച്ചു. എന്നാൽ തങ്ങളുടെ വിഭാഗങ്ങളിൽപ്പെട്ട 14-ലധികം ആളുകൾ ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലുണ്ടെന്നാണ് ഗോത്ര സംഘടനകൾ വ്യക്തമാക്കുന്നത്.


മണിപ്പൂരിൽ തുടരുന്ന വംശീയ കലാപത്തിൽ ഇതുവരെ 260-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും അറുപതിനായിരത്തിലധികം ആളുകൾക്ക് സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.


അതിനിടെ, മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി നൽകി. 2026 നവംബർ 20 വരെയാണ് കമ്മീഷന് സമയം നീട്ടി നൽകിയിരിക്കുന്നത്.


ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അനാസ്ഥയെത്തുടർന്ന് സംസ്ഥാനത്ത് സമാധാനം അകലെയാണെന്ന് വ്യക്തമാക്കുന്നതാണ് മലയോര മേഖലകളിൽ നിന്നുള്ള പുതിയ വാർത്തകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home