ad
Deshabhimani

പാചകവാതക പ്രതിസന്ധി: ഹോട്ടലുകൾ അടച്ചിടാൻ നീക്കം; സിവിൽ സപ്ലൈസിൽ 'വാർ റൂം' തുറന്നു

Commercial LPG

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 16, 2026, 06:28 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂവായിരത്തിലധികം ഹോട്ടലുകൾ അടച്ചിടാനാണ് നീക്കം.


വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് അസോസിയേഷൻ വിലയിരുത്തി. ജൂൺ ഒന്നിനകം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.


ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് ദേശീയതലത്തിൽ നീങ്ങാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികളുടെ ഭാഗമായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ റൂം പ്രവർത്തനം ആരംഭിച്ചു.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരും ഓയിൽ കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് വാർ റൂം തുറക്കാൻ തീരുമാനിച്ചത്. മുൻഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഉടൻ തന്നെ ഓയിൽ കമ്പനികൾക്ക് കൈമാറും.


സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ- പൊതുമേഖലാ ഓഫീസ് ക്യാമ്പസുകളിലെ ക്യാന്റീനുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിൽ പ്രത്യേക പരിഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന സർക്കാരിന്റെ അഭ്യർഥന ഓയിൽ കമ്പനികൾ അനുകൂലമായി പരിഗണിച്ചിട്ടുണ്ട്.


എണ്ണ കമ്പനികൾ ഗാർഹികേതര ഉപഭോക്താക്കളുടെ വിവരം ഉടൻ സർക്കാരിന്‌ കൈമാറും. സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഈ ഡാറ്റ വിശകലനം ചെയ്ത് അന്തിമ മുൻഗണനാ പട്ടിക തയ്യാറാക്കും. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആദ്യം സിലിണ്ടർ നൽകണമെന്നാണ് സർക്കാർ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home