ad
Deshabhimani

print edition ന്യൂസിലൻഡ്‌ വ്യാപാര കരാർ; നുണകളുടെ പുകമറയുമായി മോദി സർക്കാർ

narendra modi

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 29, 2026, 12:13 AM | 1 min read

ന്യൂഡൽഹി: കേരളത്തിന്റെ എട്ടിലൊന്ന്‌ മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്‌ക്ക്‌ വലിയ ഉണർവേകുമെന്ന കേന്ദ്രസർക്കാർ വാദം അടിസ്ഥാനരഹിതം. ട്രംപ്‌ ഭരണകൂടം അധിക തീരുവ ചുമത്തിയതിനെത്തുടർന്ന്‌ തിരിച്ചടി നേരിട്ട ടെക്‌സ്റ്റൈൽസ്‌, തുകൽ, പാദരക്ഷ, എൻജിനീയറിങ്‌ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്ക്‌, മരുന്നുകൾ, കാർഷികോൽപ്പന്നങ്ങൾ, രാസവസ്‌തുക്കൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ന്യൂസിലൻഡ്‌ കരാർ ഗുണംചെയ്യുമെന്നാണ്‌ വാദം.


45 ലക്ഷമാണ്‌ ന്യൂസിലൻഡിന്റെ ജനസംഖ്യ. ഇ‍ൗയൊരു ചെറിയ വിപണിയാണ്‌ കരാറിലൂടെ തുറന്നുകിട്ടുന്നത്‌. കരാറിന്‌ മുമ്പ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ ന്യൂസിലൻഡ്‌ ചുമത്തിയ ശരാശരി തീരുവ 2.2 ശതമാനം മാത്രമായിരുന്നു. പരമാവധി തീരുവ 10 ശതമാനവും. 2.2 ശതമാനം ശരാശരി തീരുവയാണ്‌ കരാറിലൂടെ പൂജ്യത്തിലേക്ക്‌ എത്തുന്നത്‌.


നേട്ടമുണ്ടാകുമെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്ന പ്രധാന മേഖല ടെക്‌സ്റ്റൈൽസാണ്‌. ന്യൂഡിലൻഡിലേക്കുള്ള നിലവിലെ പ്രതിവർഷ ടെക്‌സ്റ്റൈൽസ്‌ കയറ്റുമതി 440 കോടി രൂപയുടേതാണ്‌. ഇന്ത്യയുടെ ആകെ ടെക്‌സ്റ്റെൽസ്‌ കയറ്റുമതിയാകട്ടെ 3.16 ലക്ഷം കോടിയുടേതും. അതായത്‌, 0.14 ശതമാനം മാത്രമാണ്‌ ന്യൂസിലൻഡിലേക്കുള്ള ടെക്‌സ്റ്റൈൽസ്‌ കയറ്റുമതി. തീരുവ പൂജ്യമായാലും 45 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു രാജ്യത്തേക്ക്‌ എത്ര തുകയുടെ ടെക്‌സ്റ്റൈൽസ്‌ കയറ്റുമതി സാധ്യമാകുമെന്ന ചോദ്യം ശേഷിക്കുന്നു. തുകൽ, പാദരക്ഷ, രാസവസ്‌തുക്കൾ തുടങ്ങി മറ്റ്‌ മേഖലകളുടെ കാര്യത്തിലും സാഹചര്യം സമാനം.


ഇന്ത്യയുമായുള്ള കരാറിലൂടെ 150 കോടി ജനങ്ങളടങ്ങുന്ന വിപണിയാണ്‌ ന്യൂസിലൻഡിന്‌ തുറന്നുകിട്ടുന്നത്‌. ആപ്പിൾ, കിവി തുടങ്ങിയ പഴങ്ങളുടെയും തേൻ പോലുള്ള വനവിഭവങ്ങളുടെയും വിവിധ ക്ഷീരോൽപ്പന്നങ്ങളുടെയും സമുദ്രോൽപ്പന്നങ്ങളുടെയും കയറ്റുമതി വരുമാനത്തിൽ ഉ‍ൗന്നുന്ന ന്യൂസിലൻഡിന്‌ കരാർ വലിയ നേട്ടമാകും. 50 ശതമാനം ന്യൂസിലൻഡ്‌ ഉൽപ്പന്നങ്ങളും തീരുവരഹിതമാകും. തുടർന്ന്‌ ഏഴു മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 95 ശതമാനം ഉൽപ്പന്നങ്ങളും തീരുവരഹിതമാകും.


ഇന്ത്യയുടെ കാർഷിക–ക്ഷീര– സമുദ്രോൽപ്പന്ന മേഖലയ്‌ക്ക്‌ ദീർഘകാലാടിസ്ഥാനത്തിൽ കരാർ തിരിച്ചടിയാകും. കരാറിൽനിന്ന്‌ സംരക്ഷിച്ചുനിർത്തിയിട്ടുണ്ടെന്ന്‌ വാണിജ്യമന്ത്രി അവകാശപ്പെടുന്ന കാപ്പി, സുഗന്ധവ്യഞ്‌ജനങ്ങൾ, ഭക്ഷ്യഎണ്ണ, പഞ്ചസാര, റബർ തുടങ്ങിയവയുടെ ഉൽപ്പാദനം ന്യൂസിലൻഡിൽ തീർത്തും ഇല്ലായെന്നതും മോദി സർക്കാരിന്റെ വഞ്ചന തുറന്നുകാട്ടുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home