ad
Deshabhimani

സിന്ധു നദിയിൽ പുതിയ 
പദ്ധതികളുമായി ഇന്ത്യ

new projects in sindhu river
വെബ് ഡെസ്ക്

Published on May 17, 2025, 12:00 AM | 1 min read


ന്യൂഡൽഹി

പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക്‌ തടയാൻ സിന്ധുനദിയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഇന്ത്യ. ചെനാബ്‌, ഝലം നദികളിലെ ജലം ഘട്ടമായി ഇന്ത്യയിലേക്ക്‌ വഴിതിരിച്ച്‌ വിട്ട്‌ പാകിസ്ഥാനിലേക്കുള്ള ജലം ഒഴുക്ക് തടയുന്ന പദ്ധതികളാണ്‌ ആലോചനയിൽ.


പാക്‌ പഞ്ചാബിലേക്കൊഴുകുന്ന ചെനാബ്‌ നദിയിലെ രൺബീർ കനാലിന്റെ നീളം ഇരട്ടിയാക്കുന്നതാണ്‌ പ്രധാന പദ്ധതി. 59.55 കിലോമീറ്ററുള്ള കനാലിന്റെ നീളം 120 കിലോമീറ്ററായി വർധിപ്പിച്ച്‌ സെക്കൻഡിൽ 150 ക്യുബിക് മീറ്റർ വെള്ളം വഴിതിരിച്ചുവിടും. എന്നാൽ, 19–-ാം നൂറ്റാണ്ടിൽ നിർമിച്ച കനാലിന്റെ നീളം ഇരട്ടിയാക്കാൻ വർഷങ്ങളെടുക്കും.


ചെനാബിലെ സാവൽകോട്ട് (1,856 മെഗാവാട്ട്), കീർത്തായി (930 മെഗാവാട്ട്), ദുൽഹസ്തി (260 മെഗാവാട്ട്) എന്നീ ജലവൈദ്യുത പദ്ധതികളുടെ രണ്ടാംഘട്ട നിർമാണത്തിനും നീക്കം തുടങ്ങി. ഇതിനുള്ള വിശദപദ്ധതി ജലശക്തി മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്ക്‌ കൈമാറും. ബർസാർ, ഉറി തുടങ്ങിയ പാകിസ്ഥാന്റെ എതിർപ്പുകൊണ്ട്‌ ഉപേക്ഷിച്ച പദ്ധതികൾക്ക്‌ അനുമതി നൽകും.


ചെനാബിലെ സലാൽ, ബഗ്ലിഹർ അണക്കെട്ടുകളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യാനായി വെള്ളം എല്ലാമാസവും തുറന്നുവിടും. ഇതിന് പാകിസ്ഥാന് പ്രത്യേക മുന്നറിയിപ്പ് നല്‍കില്ല.


മെയ്‌ ആദ്യവാരം ചെനാബ്‌ നദിയിലെ അണക്കെട്ടുകളിലെ ഷട്ടറുകളടച്ചതോടെ പാകിസ്ഥാനിൽ ജല ലഭ്യത കുറച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നതിനാല്‍ ജലനിരപ്പ്‌ ക്രമതീതമായി ഉയരുകയും ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനുമായി ചേർന്ന്‌ പാകിസ്ഥാനിലേക്കുള്ള കാബുൾ നദിയിലെ ഒഴുക്ക്‌ തടയുന്നതിനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home