പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പേര് മാറുന്നു; ഇനി 'സേവാ തീർഥ്' എന്ന് അറിയപ്പെടും

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന പുതിയ കെട്ടിട സമുച്ചയം 'സേവാ തീർഥ്' എന്ന് പുനർനാമകരണം ചെയ്തു. 'എക്സിക്യൂട്ടീവ് എൻക്ലേവ്' എന്നാണ് നേരത്തെ നൽകിയിരുന്ന പേര്. ഭരണത്തിൽ സേവനം ഉറപ്പാക്കാനാണ് പേരുമാറ്റമെന്നാണ് വാദം. കൊളോണിയൽ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും അധികൃതർ പറയുന്നു. സെൻട്രൽ വിസ്ത പുനർ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച മന്ദിരത്തിനാണ് പുതിയ പേര് നൽകിയിരിക്കുന്നത്.
നിലവിലുള്ള പ്രധാനമന്ത്രി ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറ്റുമെന്നും പിഎം ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു പുറമേ കാബിനറ്റ് സെക്രട്ടറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയറ്റ്, ഇന്ത്യാ ഹൗസ് എന്നിവയുടെ ഓഫീസുകളും 'എക്സിക്യൂട്ടീവ് എൻക്ലേവിൽ' ഉൾപ്പെടും. സന്ദർശകരായ വിശിഷ്ടാതിഥികളുമായി ഉന്നതതല ചർച്ചകൾ നടക്കുന്നതും ഇവിടെയായിരിക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് നിരവധി സർക്കാർ സംവിധാനങ്ങളുടേയും സ്ഥാപനങ്ങളുടേയും പേരുകളാണ് മാറ്റിയത്. നേരത്തെ സംസ്ഥാന ഗവർണർമാരുടെ വസതികളുടെ പേര് 'രാജ്ഭവൻ' എന്നത് 'ലോക്ഭവൻ' ആക്കി മാറ്റിയിരുന്നു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള അവന്യൂവായ 'രാജ്പഥി'നെ സർക്കാർ 'കർതവ്യപഥ്' എന്ന് പുനർനാമകരണം ചെയ്തു. 2016 ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി 'ലോക് കല്യാൺ മാർഗ്' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.







0 comments