വ്യാജ നീറ്റ് ചോദ്യപ്പേപ്പർ വിൽപന: ടെലഗ്രാം ചാനൽ അഡ്മിനായ 19-കാരൻ രാജസ്ഥാനിൽ പിടിയിൽ

പ്രതീകാത്മക ചിത്രം
ജയ്പൂർ: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലഗ്രാമിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, ടെലഗ്രാം വഴി വ്യാജ ചോദ്യപ്പേപ്പർ വിൽപന നടത്തിയ 19-കാരനായ വിദ്യാർത്ഥി രാജസ്ഥാനിൽ അറസ്റ്റിലായി. ഭിൽവാര സ്വദേശിയായ ആകാശ് ചൗധരിയെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്.
‘പേപ്പർ മാഫിയ’ എന്ന പേരിൽ ടെലഗ്രാം ചാനൽ തുടങ്ങിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ജൂൺ 21-ന് നീറ്റ് പുനഃപരീക്ഷ നടക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഡൽഹിയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭിൽവാരയിലെ പട്ടേൽ നഗറിലുള്ള ഇയാളുടെ വസതിയിൽ വെള്ളിനാഴ്ച പുലർച്ചെ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.
തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവെക്കാൻ യുഎസ് ആസ്ഥാനമായുള്ള വിപിഎൻ, പ്രോക്സി നെറ്റ്‌വർക്കുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതി ടെലഗ്രാം ചാനൽ പ്രവർത്തിപ്പിച്ചിരുന്നത്. ഗ്രൂപ്പിലുണ്ടായിരുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ചോദ്യപ്പേപ്പറിന് 4,000 രൂപ വീതമാണ് ഇയാൾ ഈടാക്കിയിരുന്നത്. ക്യുആർ കോഡ് വഴിയായിരുന്നു പണമിടപാടുകൾ.
ജയ്പൂരിൽ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ആകാശ് ചൗധരി, നീറ്റ് കോച്ചിംഗ് പുസ്തകങ്ങളിലെ പേജുകൾ സ്കാൻ ചെയ്ത് മാറ്റം വരുത്തിയാണ് യഥാർത്ഥ ചോദ്യപ്പേപ്പർ എന്ന വ്യാജേന വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ പോർട്ടൽ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തിയത്.
പ്രതിയുടെ പക്കൽ നിന്നും മൊബൈൽ ഫോണും നീറ്റ് പഠന സാമഗ്രികളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഐടി ആക്ട്, പബ്ലിക് എക്സാമിനേഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 3-ന് നടന്ന യഥാർത്ഥ നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജൂൺ 21-ലെ റീ-ടെസ്റ്റിന് മുന്നോടിയായി ടെലഗ്രാമിന് രാജ്യത്ത് താല്ക്കാലിക വിലക്കേർപ്പെടുത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കും വ്യാജവാർത്തകൾ പരത്താനും ടെലഗ്രാം ദുരുപയോഗം ചെയ്യുന്നത് തടയാൻ ജൂൺ 22 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments