ചോർച്ച തടയാൻ സന്നാഹങ്ങൾ; നീറ്റ് പുനഃപരീക്ഷാ ചോദ്യപേപ്പറുകൾ വ്യോമസേന 18 കേന്ദ്രങ്ങളിലെത്തിക്കും

ന്യൂഡൽഹി: വ്യാപകമായ ചോദ്യപേപ്പർ ചോർച്ചാ പരാതികളെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുനഃപരീക്ഷയ്ക്കായി രാജ്യത്ത് അഭൂതപൂർവ്വമായ സുരക്ഷാ ക്രമീകരണങ്ങൾ. ജൂൺ 21-ന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ അതീവ സുരക്ഷിതമായി രാജ്യത്തെ 18 പ്രധാന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിക്കും.
പരീക്ഷാ സാമഗ്രികളുടെ സുരക്ഷ ഉറപ്പാക്കാനും യാത്രാമധ്യേ ഉണ്ടാകാനിടയുള്ള യാതൊരുവിധ അട്ടിമറി സാധ്യതകളും ഇല്ലാതാക്കാനുമാണ് വ്യോമസേനയുടെ ലോജിസ്റ്റിക് പിന്തുണ തേടിയതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ചോദ്യപേപ്പർ കൊണ്ടുപോകാൻ വ്യോമസേനയുടെ സഹായം തേടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മേയ് 3-ന് നടന്ന പരീക്ഷ ചോർച്ചാ വിവാദത്തിൽപ്പെട്ടതിനെ തുടർന്നാണ് കനത്ത ജാഗ്രതയോടെ പുതിയ സുരക്ഷാ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷാ പ്രക്രിയയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കുന്നത്. പരീക്ഷാ ഡ്യൂട്ടികൾക്കായി രാജ്യത്തുടനീളം ഏകദേശം അഞ്ച് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും തട്ടിപ്പുകളും തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രക്രിയയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ആഴ്ച മുൻപ് രൂപീകരിച്ച അധ്യാപകരുടെയും വിഷയ വിദഗ്ദ്ധരുടെയും സംഘത്തെ പൂർണ്ണമായും ബാഹ്യലോകവുമായി ബന്ധമില്ലാത്ത രീതിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മൊബൈൽ ഫോണുകളോ ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുമതിയില്ല.
ജൂൺ 21-ന് പരീക്ഷ അവസാനിക്കുന്നത് വരെ ഈ സംഘത്തിന് മേലുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 21-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5:15 വരെയാണ് നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.










0 comments