ad
Deshabhimani

നീറ്റ് പുനഃപരീക്ഷ: പോക്‌സോ കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം

Court.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 02:32 PM | 1 min read

മുംബൈ: ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി പോക്‌സോ കേസ് പ്രതിക്ക് നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ച് മുംബൈ പ്രത്യേക കോടതി. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പതിനെട്ടുകാരനാണ് പ്രത്യേക ജഡ്ജി എസ് ആർ ശർമ്മ ജാമ്യം അനുവദിച്ചത്.


തനിക്കോ കുടുംബത്തിനോ എതിരെ പ്രതിഭാഗത്തുനിന്ന് ഭീഷണികളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തുല്യമായ തുകയുടെ ഈടിന്മേലുമാണ് ജൂൺ 18 മുതൽ 21 വരെ താൽക്കാലിക ജാമ്യം.


പരീക്ഷയ്ക്ക് തൊട്ടടുത്ത ദിവസമായ ജൂൺ 22-ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി കർശന നിർദ്ദേശം നൽകി. ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.


പൊലീസ് കാവലിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് വിദ്യാർത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും തെറ്റുകൾ തിരുത്താൻ യുവാവിന് ഒരു അവസരം നൽകണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് കോടതി നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home