ബോക്സിങ് റിംഗിലേക്ക് വാ; ഹർഭജന് നേരെ പരസ്യ വെല്ലുവിളിയുമായി ശ്രീശാന്ത്

Photo Credit:Social Media
ന്യൂഡൽഹി: മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തും ഓഫ് സ്പിന്നർ ഹർഭജൻ സിംഗും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള തർക്കം വീണ്ടും പുകയുന്നു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ ഐപിഎൽ 'സ്ലാപ്‌ഗേറ്റ്' വിവാദത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഹർഭജനെതിരെ ബോക്സിങ് റിംഗിൽ നേരിട്ടുള്ള പോരാട്ടത്തിന് പരസ്യ വെല്ലുവിളി നടത്തിയിരിക്കുകയാണ് ശ്രീശാന്ത്. പ്രമുഖ മാധ്യമമായ 'ലല്ലൻടോപ്പ്' അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ ഈ കടുത്ത പ്രതികരണം.
വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം പഴയതുപോലെയായെന്നും പിണക്കങ്ങളെല്ലാം മറന്ന് മുൻ ഇന്ത്യൻ സഹതാരങ്ങൾ മുന്നോട്ട് പോയെന്നും കരുതിയിരുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം ഉടലെടുക്കുന്നത്. ഹർഭജൻ സിംഗ് അടുത്തിടെ അഭിനയിച്ച ഒരു പരസ്യചിത്രമാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.
ഈ പരസ്യം പഴയ സ്ലാപ്‌ഗേറ്റ് സംഭവത്തെ പരിഹസിക്കുന്ന രീതിയിലുള്ളതാണെന്ന് ശ്രീശാന്ത് വിശ്വസിക്കുന്നു. തന്റെ കരിയറിലെ ഏറ്റവും വേദനാജനകമായ ഒരു അധ്യായത്തെ ഹർഭജൻ വാണിജ്യപരമായി ഉപയോഗിക്കുകയാണെന്നും അതിലൂടെ പണം സമ്പാദിക്കുകയാണെന്നും ശ്രീശാന്ത് ആരോപിച്ചു. അഭിമുഖത്തിനിടെ ഇരുവരും ബോക്സിങ് ഗിയറണിഞ്ഞു നിൽക്കുന്ന ഒരു പഴയ പ്രൊമോഷനൽ ചിത്രം ചൂണ്ടിക്കാണിച്ചാണ് ശ്രീശാന്ത് ഹർഭജനെ റിംഗിലേക്ക് ക്ഷണിച്ചത്.
ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ
"ഇതേ രംഗം നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിംഗിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? കരാറിൽ ഒപ്പിട്ട് വരാൻ നിങ്ങൾക്ക് സാധിക്കുമോ? ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്. ഇതേ ഗ്ലൗസുമണിഞ്ഞ് എന്നോടൊപ്പം റിംഗിലേക്ക് വരാൻ ധൈര്യമുണ്ടോ? ഇത് വെറും അഭിനയമല്ല, ഞാൻ പുഞ്ചിരിച്ചുകൊണ്ടാണ് പറയുന്നത്. നിങ്ങൾ അവിടെ പുഞ്ചിരിക്കുന്നു പോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്," ശ്രീശാന്ത് പറഞ്ഞു.
താൻ നിലവിൽ 'ബെയർ നക്കിൾ ഫൈറ്റ് ലീഗിൽ' ഉണ്ടെന്ന് വ്യക്തമാക്കിയ മുൻ താരം, പരസ്യങ്ങളിലൂടെയല്ലാതെ റിംഗിൽ വന്ന് നേർക്കുനേർ കാര്യം തീർക്കാൻ ഹർഭജനോട് ആവശ്യപ്പെട്ടു:
"ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു ഭജ്ജി. ആ അടി സംഭവത്തിലും എന്നോടും നിങ്ങൾക്ക് ഇത്രയധികം പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ ഇതിലൂടെ ഇത്രയധികം സമ്പാദിക്കുന്നുണ്ടെങ്കിൽ... എന്നെയും കുറച്ച് സമ്പാദിക്കാൻ അനുവദിക്കൂ. റിംഗിലേക്ക് വരൂ. ഞാൻ ഹൃദയത്തിൽ നിന്നാണ് നിങ്ങളെ വിളിക്കുന്നത്. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങൾ ചെയ്യുന്നത് നിർത്താം. തികച്ചും ആത്മാർത്ഥമായി, എല്ലാ മലയാളിമക്കൾക്കും സർദാർമാർക്കും വേണ്ടി ദയവായി കടന്നുവരൂ. ഞാൻ കാത്തിരിക്കുകയാണ്," ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഹർഭജനെ ബ്ലോക്ക് ചെയ്തു
കഴിഞ്ഞ വർഷങ്ങളിൽ ഹർഭജൻ സിംഗ് പലതവണ പരസ്യമായി മാപ്പ് പറയുകയും, ഇരുവരും ഒരുമിച്ച് പരസ്യങ്ങളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങളോടെ ഹർഭജനുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തി. ഹർഭജനെ താൻ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതായും ഇനി അദ്ദേഹവുമായി ഒരു സമ്പർക്കത്തിനും താല്പര്യമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
2008-ലെ കന്നി ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ്, കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ശ്രീശാന്തിനെ അടിക്കുകയായിരുന്നു. അന്ന് മൈതാനത്ത് വെച്ച് ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ഹർഭജനെതിരെ അച്ചടക്ക നടപടികൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ശ്രീശാന്തിന്റെ പുതിയ വെല്ലുവിളികളോട് ഹർഭജൻ സിംഗ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.









0 comments