print edition നീറ്റ് പ്രക്ഷോഭം; വിദ്യാർഥിവേട്ടയെ ന്യായീകരിച്ച് പൊലീസ്

ന്യൂഡൽഹി : നീറ്റ് പരീക്ഷാചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്‌ത വിദ്യാർഥികളെ നിഷ്‌ഠുരമായി ആക്രമിച്ചതിനെ സുപ്രീംകോടതിയിൽ ന്യായീകരിച്ച് ഡൽഹി, ബിഹാർ പൊലീസ് സേനകൾ. പരമാവധി സംയമനം പാലിച്ചെന്ന് ഡൽഹി പൊലീസ് സത്യവാങ്‌മൂലത്തിൽ പറഞ്ഞപ്പോൾ എകെ–47 തോക്കുപയോഗിച്ചതിന് ഉത്തരവാദിയായ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തെന്ന് ബിഹാർ പൊലീസും അറിയിച്ചു. യൂണിഫോം ഇല്ലാത്ത പൊലീസുകാരും ലാത്തിച്ചാർജ് നടത്തിയെന്നത് സത്യവാങ്‌മൂലത്തിൽ ഡൽഹി പൊലീസ് സമ്മതിച്ചു.
ജൂൺ 20ന് വൈകുന്നേരം 5 വരെയാണ് ജന്തർമന്തറിൽ ധർണയ്ക്ക് അനുമതി നൽകിയത്. വേദി വിട്ടുപോകാൻ തയ്യാറാകാതിരുന്ന പ്രതിഷേധക്കാർ പിറ്റേന്ന് നിയമവിരുദ്ധമായി പാർലമെന്റ് മാർച്ച് നടത്തി പൊലീസിനെ ആക്രമിച്ചെന്നാണ് അധികൃതരുടെ വാദം. 240- ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 218 പ്രതിഷേധക്കാർക്ക് പരിക്കേറ്റത് പൊലീസിന്റെ അമിതബല പ്രയോഗം കാരണമല്ലെന്നും ഡൽഹി ഡിസിപി സച്ചിൻ ശർമ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
അഭിഷേക് കുമാർ പട്ടേൽ എന്ന കോൺസ്റ്റബിൾ ആകാശത്തേയ്‌ക്കാണ് വെടിവെച്ചതെന്നാണ് ബിഹാർ പൊലീസിന്റെ ന്യായം. സാമൂഹ്യവിരുദ്ധർ വിദ്യാർഥിപ്രതിഷേധത്തിൽ നുഴഞ്ഞുകയറിയെന്നും കുറ്റപ്പെടുത്തി.










0 comments