നീറ്റ് പിജി: പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കണം, പുതിയ തിയതി ഉടൻ പ്രഖ്യാപിക്കണം- എസ്എഫ്ഐ

ന്യൂഡൽഹി : മാറ്റിവച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തിയതി ഉടൻ പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ. ജൂൺ 15നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഈ തിയതി നാല് മാസം മുമ്പാണ് പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം - പരീക്ഷയ്ക്ക് പന്ത്രണ്ട് ദിവസം മുമ്പ് - നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പരീക്ഷ മാറ്റിവച്ചതായി വിജ്ഞാപനം പുറപ്പെടുവിച്ചു. അവസാന നിമിഷം പരീക്ഷ മാറ്റിവയ്ക്കുന്നത് എൻബിഇഎംഎസ് മുമ്പും ചെയ്തിട്ടുണ്ട്. ഇത് ആവർത്തിച്ചുള്ള ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മൂന്ന് തവണയാണ് പരീക്ഷ മാറ്റിവച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് വെറും 12 മണിക്കൂർ മുമ്പാണ് ഒരു തവണ റദ്ദാക്കിയത്.
ഒടുവിൽ പരീക്ഷ നടത്തിയപ്പോൾ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തിയത്. രണ്ട് ഷിഫ്റ്റുകളിലും നൽകിയ ചോദ്യപേപ്പറുകളുടെ പൊരുത്തക്കേടുകൾ കാരണം വിദ്യാർഥികൾക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ഏറെ വിവാദപരമായ ഒരു നോർമലൈസേഷൻ പ്രക്രിയ ഉപയോഗിച്ചാണ് അന്തിമ ഫലങ്ങൾ കണക്കാക്കിയത്. ഇതേത്തുടർന്ന് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. തുടർന്നാണ് കോടതി എൻബിഇഎംഎസിനോട് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ നിർദ്ദേശിച്ചത്.
ഈ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ പരീക്ഷ മാറ്റിവച്ചത്. 2024 ന് മുമ്പ്, പരീക്ഷ ഒറ്റ ഷിഫ്റ്റിൽ വിജയകരമായി നടത്തിയിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യാൻ കഴിയാത്തത് എൻബിഇഎംഎസിന്റെ നടത്തിപ്പിനെപ്പറ്റി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിലെ കാലതാമസം വിദ്യാർഥികളെയാണ് സാരമായി ബാധിക്കുക.
പരീക്ഷ എഴുതാൻ ഉദ്യോഗാർഥികളിൽ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കുന്നത്. രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളിൽ നിന്നായി ഏകദേശം 60 കോടി രൂപയോളമാണ് ഫീസായി ഈടാക്കിയത്. എങ്കിലും രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം എൻബിഇഎംഎസ് വർധിപ്പിച്ചിട്ടില്ല. പകരം, ടിസിഎസ് പോലുള്ള സ്വകാര്യ കരാറുകാർക്ക് കേന്ദ്രങ്ങളുടെ ക്രമീകരണം ഔട്ട്‌സോഴ്‌സ് ചെയ്യുകയാണുണ്ടായത്. ഇത് പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയെപ്പറ്റി ആശങ്കകൾ ഉയർത്തുന്നുണ്ട്. മതിയായ പരീക്ഷാ കേന്ദ്രങ്ങളുടെ അഭാവം മൂലം നിരവധി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായി വളരെ ദൂരെയുള്ള കേന്ദ്രങ്ങളിലേക്ക് പോവേണ്ടി വരുന്നു.
ഇപ്പോൾ പരീക്ഷ മാറ്റിവച്ചതും വീണ്ടും ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റിയതും പരീക്ഷാകേന്ദ്രങ്ങൾ വീണ്ടും മാറുമോ എന്നുള്ള ആശങ്ക ഉയർത്തുന്നതാണ്. അവസാന നിമിഷം പരീക്ഷാ കേന്ദ്രങ്ങൾ മാറുന്നത് വിദ്യാർഥികൾക്ക് മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ നീറ്റ് യുജി, പിജി പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം പരീക്ഷ നടത്തിപ്പിലെ സുതാര്യതയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്ന അവസരത്തിലാണ് നിർണായകമായ ദേശീയ പരീക്ഷകൾ നടത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ അനാവശ്യമായി ആശ്രയിക്കുന്നത്.
നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതിനെ ശക്തമായി എതിർക്കുന്നതായും പുതിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് കൃത്യമായി പരീക്ഷ എഴുതാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തണമെന്നും എൻബിഇഎംഎസ് കാരണം വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിൽ സ്വകാര്യ സേവന ദാതാക്കളെ അമിതമായി ഉൾപ്പെടുത്തരുതെന്നും വിദ്യാർഥികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും എസ്എഫ്ഐഅഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും ആവശ്യപ്പെട്ടു.










0 comments