നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ജൂൺ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി 2025 പരീക്ഷ മാറ്റിവച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനം. എംബിബിഎസ്, ഡെന്റൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ രണ്ട് ഷിഫ്റ്റുകൾക്ക് പകരം ഒറ്റ ഷിഫ്റ്റിൽ നടത്താൻ കോടതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടത്തുന്നതിരെ നൽകിയ ഹർജികൾ പരിഗണിച്ചായിരുന്നു കഴിഞ്ഞയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരിക്കണമെന്നും പരീക്ഷ നടത്തിപ്പിനായി സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്തി കമീഷൻ ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നാണ് തീരുമാനം. പുതുക്കിയ പരീക്ഷ തിയതി അറിയിച്ചിട്ടില്ല. ഉടൻ തന്നെ അറിയിക്കുമെന്നും അതോറിറ്റി വിജ്ഞാപനത്തിൽ പറഞ്ഞു. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നതിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് പരീക്ഷാർഥികൾ രംഗത്തെത്തിയിരുന്നു. മൾട്ടി-ഷിഫ്റ്റ് പരീക്ഷകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വാദം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഉദ്യോഗാർഥികൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാനും അതോറിറ്റി നിർദ്ദേശിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എൻബിഇഎംഎസ് ആണ് ദേശീയ തലത്തിൽ നീറ്റ് പിജി പ്രവേശന പരീക്ഷ നടത്തുന്നത്.










0 comments