ad
Deshabhimani

print edition ഇടനിലക്കാർ വാങ്ങിയത്‌ ഒരു കോടിവരെ

ലാാൂ
വെബ് ഡെസ്ക്

Published on May 13, 2026, 12:00 AM | 2 min read

ന്യൂഡൽഹി: രാജസ്ഥാൻ ഉൾപ്പെടെയുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ്‌ നീറ്റ്‌ പരീക്ഷയുടെ ‘ഉ‍ൗഹ ചോദ്യപേപ്പർ’ വ്യാപകമായി പ്രചരിച്ചത്‌. ഒരു മാസം മുമ്പ്‌ വിദ്യാർഥികൾക്കിടയിൽ പ്രചരിക്കപ്പെട്ട ഉ‍ൗഹപേപ്പറിന്‌ തുടക്കത്തിൽ ഇടനിലക്കാർ ഒരു കോടി രൂപ വരെ പ്രതിഫലം ഇ‍ൗടാക്കിയതായാണ്‌ വിവരം. ഇ‍ൗവർഷത്തെ നീറ്റ്‌ പരീക്ഷയ്ക്ക്‌ രജിസ്‌റ്റർ ചെയ്തത്‌ 22,75,011 വിദ്യാർഥികളാണ്‌. 22,05,035 പേർ പരീക്ഷ എഴുതി. 96.92 ശതമാനമാണ്‌ ഹാജർ. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായുള്ള ആയിരക്കണക്കിന്‌ പരീക്ഷാകേന്ദ്രങ്ങളിൽ മെയ്‌ മൂന്നിന്‌ ഒറ്റദിവസമായാണ്‌ പരീക്ഷ നടന്നത്‌. 13 ഭാഷയിൽ എഴുതാവുന്ന നീറ്റ്‌ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. രണ്ടായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി രണ്ടുലക്ഷത്തോളം സീറ്റാണുള്ളത്‌.


സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള മെഡിക്കൽ കോളേജുകളിലേക്കും കേന്ദ്രസർക്കാരിന്‌ കീഴിലുള്ള എയിംസ്‌ പോലുള്ള സ്ഥാപനങ്ങളിലേക്കും സ്വകാര്യ മെഡിക്കൽ–നഴ്‌സിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും പ്രവേശനം നീറ്റ്‌ മാർക്കിന്റെ അടിസ്ഥാനത്തിലാണ്‌. സംസ്ഥാന മെഡിക്കൽ കോളേജുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയും 85 ശതമാനം സംസ്ഥാന ക്വാട്ടയുമാണ്‌.


മുഖ്യപ്രതി അറസ്റ്റിൽ


നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിലെ പ്രധാനിയെന്ന്‌ സംശയിക്കുന്നയാൾ രാജസ്ഥാനിൽ അറസ്റ്റിലായി. മനീഷ്‌ യാദവ്‌ എന്നയാളെ ജയ്‌പുരിൽ നിന്നാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. മഹാരാഷ്‌ട്രയിൽ മെഡിക്കൽ വിദ്യാർഥി ശുഭം ഖൈർനാറിനെ നാസിക്‌ ക്രെൈം ബ്രാഞ്ച്‌ പിടികൂടി. അന്വേഷണം കൂ‍ടുതൽ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ഇരുപതിലധികം ആളുകളാണ്‌ കസ്റ്റഡിയിലായത്‌. പൊലീസ്‌ വിശദാംശങ്ങൾ സിബിഐക്ക്‌ കൈമാറും.


നാസിക്കിലെ പ്രസിൽനിന്നാണ്‌ ചോദ്യപേപ്പർ ചോർന്നതെന്ന്‌ റിപ്പോർട്ടുണ്ട്‌. സിക്കറിൽനിന്ന്‌ ഇ‍ൗ ചോദ്യപേപ്പറുകൾ പ്രചരിച്ചു. സിക്കറിൽ കരിയർ ക‍ൗൺസിലറായ രാകേഷ്‌കുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക്‌ ചോദ്യപേപ്പർ ലഭിച്ചെന്നും അത്‌ മാതൃകാ ചോദ്യപേപ്പറായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിൽപന നടത്തിയെന്നുമാണ്‌ ആരോപണം. ഡെറാഡ‍ൂണിലും പൊലീസ്‌ നടപടിയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസമ ന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മന്ത്രാലയത്തിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം: കെ രാധാകൃഷ്‌ണൻ


ന്യൂഡൽഹി: ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകിടംമറിച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകൾ അത്യന്തം ഗൗരവതരമാണെന്ന് സിപിഐ എം പാർലമെന്ററി പാർടിനേതാവ് കെ രാധാകൃഷ്ണൻ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ പരീക്ഷാ റദ്ദാക്കലും എൻടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഗുരുതര പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്‌. വർഷങ്ങളോളം കഠിനാധ്വാനംചെയ്ത് പരീക്ഷ എഴുതിയ 22 ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവിയാണ് പരീക്ഷാമാഫിയയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ ബലികഴിച്ചത്.


നിലവിലെ സിബിഐ അന്വേഷണം പര്യാപ്തമല്ല. സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം വേണം. രാഷ്ട്രീയ–-ഉദ്യോഗസ്ഥ തലത്തിലുള്ള ‘വൻ സ്രാവുകളെ' പുറത്തുകൊണ്ടുവരണം. വിശ്വാസ്യത നഷ്ടപ്പെട്ട എൻടിഎയുടെ പ്രവർത്തനങ്ങളിൽ പുനർവിചിന്തനം വേണമെന്നും കെ രാധാകൃഷ്‍ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home