print edition നടപടി യുഎസ് ഭീഷണി ഭയന്ന്; ഇറാൻ വിമാനങ്ങൾക്ക് അനുമതി പൂർണമായി നിഷേധിച്ച് മോദി സർക്കാർ

ന്യൂഡൽഹി ; അമേരിക്കയുടെ ഉപരോധഭീഷണിയെ ഭയന്ന് ഇറാനിലേക്ക് അവശ്യമരുന്നുകളുമായുള്ള വിമാന സർവീസിന് പോലും അനുമതി നിഷേധിച്ച് മോദി സർക്കാർ. ആഗസ്ത് മുതൽ ഇറാനിൽ നിന്ന് ഇന്ത്യയിലേക്കോ തിരിച്ചോ ഒരു സർവീസിന് പോലും കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ല. -െഫബ്രുവരി അവസാനം പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയശേഷം ഇറാനിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസ് നിലച്ചിരുന്നു. എന്നാൽ മരുന്നുകളും മറ്റും എത്തിക്കുന്നതിനുള്ള സർവീസുകൾ തുടർന്നു.
ഇറാന് നേരെയുള്ള യുഎസ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ മരുന്നുകൾക്കായുള്ള സർവീസുകൾക്ക് അനുമതി നൽകുന്നതും മോദി സർക്കാർ നിർത്തി. മരുന്നുകൾ എത്തിക്കുന്നതിനുള്ള സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകുന്നില്ലെന്ന് ഇറാൻ എയർ മാനേജിങ് ഡയറക്ടർ താഹിർ അബ്ദൊലെയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
മുംബൈയിൽ നിന്ന് മരുന്നുകൾ എത്തിക്കുന്നതിനായി അനുമതി നൽകണമെന്ന് ഇറാൻ അഭ്യർഥിച്ചെങ്കിലും യുഎസ് ഭീഷണി ഭയന്ന് കേന്ദ്രസർക്കാർ നിരാകരിച്ചു. മരുന്നുകളടക്കം അവശ്യവസ്തുക്കൾ ഇറാനിൽ എത്തുന്നത് തടയുന്നതിനുള്ള അമേരിക്കൻ ശ്രമത്തിനാണ് മോദി സർക്കാർ കൂട്ടുനിൽക്കുന്നത്.
സംഘർഷം ആരംഭിച്ചതിന് ശേഷവും മരുന്നുകളും മറ്റും എത്തിക്കുന്നതിന് ഇറാന്റെ മഹൻ എയർ ഡൽഹിയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസും മുംബൈയിലേക്ക് ഒരു സർവീസും നടത്തിയിരുന്നു. ഇറാൻ വിമാനങ്ങൾക്ക് അനുമതി നൽകുന്നവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുശേഷമാണ് മോദി സർക്കാർ സർവീസുകൾക്ക് അനുമതി നിഷേധിച്ചത്.
വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്
ഇറാനിലേക്ക് മരുന്നുകൾ എത്തിക്കുന്ന ചരക്കുവിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചതായ റിപ്പോർട്ടുകളിൽ ആശങ്ക പ്രകടമാക്കി സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. മരുന്നുകൾ എത്തിക്കുന്നതിനുള്ള സർവീസുകൾക്കുപോലും അനുമതി നിഷേധിക്കുന്നത് അങ്ങേയറ്റം ക്രൂരമാണെന്ന് ബ്രിട്ടാസ് കത്തിൽ പറഞ്ഞു.
മരുന്നുകൾ യുദ്ധോപകരണങ്ങളല്ല. ഒരു രാജ്യം അവശ്യമരുന്നുകൾക്കായി അഭ്യർഥന നടത്തുമ്പോൾ ഇന്ത്യ പോലൊരു രാജ്യം മനുഷ്യത്വപരമായ പ്രതികരണമാണ് നടത്തേണ്ടത്. നിലവിലെ നിലപാട് തിരുത്താനും ഇറാൻ വിമാനങ്ങൾക്ക് മരുന്നുകളും മറ്റും എത്തിക്കുന്നതിനായുള്ള സർവീസുകൾ പുനരാരംഭിക്കാനും സർക്കാർ തയ്യാറാവണമെന്നും ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.









0 comments