സിപിഐ എംഎൽ രണ്ടിടത്ത്‌ , സിപിഐ എം ഒരു സീറ്റിലും ജയിച്ചു

print edition വോട്ടുവെട്ടൽ, വർഗീയധ്രുവീകരണം ; ബിഹാറിൽ വീണ്ടും എൻഡിഎ

nda in bihar
വെബ് ഡെസ്ക്

Published on Nov 15, 2025, 03:34 AM | 2 min read


ന്യൂഡൽഹി

പണമൊഴുക്കിയും ഭരണസംവിധാനങ്ങൾ ദുരുപയോഗിച്ചും വർഗീയ–ജാതി ധ്രുവീകരണം തീവ്രമാക്കിയും ബിഹാർ ഭരണം എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തി. ആകെയുള്ള 243 സീറ്റിൽ 202ഉം എൻഡിഎ ജയിച്ചു. പ്രതിപക്ഷ മഹാസഖ്യം 35ൽ ഒതുങ്ങി.

89 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയുവിന്‌ 84ഉം ചിരാഗ്‌ പസ്വാന്റെ എൽജെപി 19ഉം ജിതൻറാം മാഞ്ചിയുടെ എച്ച്‌എഎം അഞ്ചും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക്‌മോർച്ച നാലും സീറ്റ്‌ നേടി. പത്താംവട്ടവും മുഖ്യമന്ത്രി പദത്തിലെത്താനുള്ള അവസരമാണ് നിതീഷ്‌ കുമാറിന് മുന്നിലുള്ളത്.


മഹാസഖ്യത്തിൽ ആർജെഡി 25 സീറ്റിലും കോൺഗ്രസ്‌ ആറ്‌ സീറ്റിലും ഒതുങ്ങി. ഇടതുപക്ഷ പാർടികളിൽ സിപിഐ എംഎൽ രണ്ടിടത്തും സിപിഐ എം ഒരു സീറ്റിലും ജയിച്ചു. മഹാസഖ്യത്തിലെ ഇന്ത്യാ ഇൻക്ലൂസീവ്‌ പാർടി ഒരു സീറ്റിൽ ജയിച്ചു. മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടിക്കും സിപിഐക്കും സീറ്റില്ല. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീൻ ഒവെയ്‌സിയുടെ എഐഎംഐഎം അഞ്ച്‌ സീറ്റും ബിഎസ്‌പി ഒരു സീറ്റും നേടി. പ്രശാന്ത്‌ കിഷോറിന്റെ ജൻസുരാജ്‌ പാർടി ഒരിടത്തും ജയിച്ചില്ല. എന്നാൽ പലയിടത്തും എൻഡിഎ വിജയത്തിന്‌ കളമൊരുക്കി.


സംരംഭം തുടങ്ങാനെന്ന പേരിൽ സ്‌ത്രീകളുടെ അക്ക‍ൗണ്ടിൽ 10000 രൂപ വീതം നിക്ഷേപിച്ച എൻഡിഎ സർക്കാർ നടപടി നിർണായകമായി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മണിക്കൂറുകൾക്ക്‌ മുമ്പായിരുന്നു ഇത്‌. 1.1 കോടി സ്‌ത്രീകൾക്ക്‌ പണം ലഭിച്ചത്‌ സ്‌ത്രീകൾ കൂടുതലായി പോളിങ്‌ ബൂത്തിലെത്താൻ കാരണമായി. കേന്ദ്രസർക്കാർ നിർദേശപ്രകാരം തെരഞ്ഞെടുപ്പ്‌ കമീഷൻ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയും എൻഡിഎക്ക്‌ ഗുണമായി. വോട്ടർപ്പട്ടികയിൽനിന്ന്‌ വെട്ടിമാറ്റിയ 65 ലക്ഷം വോട്ടുകളിൽ ഏറെയും മഹാസഖ്യത്തിന്‌ ലഭിക്കേണ്ട പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളായിരുന്നു.


പ്രചാരണഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും മറ്റും അഴിച്ചുവിട്ട വർഗീയ പ്രചാരണവും മഹാസഖ്യത്തിന്‌ തിരിച്ചടിയായി. മഹാസഖ്യം ജയിച്ചാൽ ‘ജംഗിൾരാജ്‌’ തിരിച്ചുവരുമെന്നും പ്രചരിപ്പിച്ചു. തൊഴിലിനായി മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറിയവരെ വോട്ടെടുപ്പ്‌ ദിവസം പ്രത്യേക ട്രെയിനുകളിൽ ബിജെപി എത്തിച്ചിരുന്നു. സീറ്റുകൾക്കായി കോൺഗ്രസ്‌ നടത്തിയ പിടിവലിയും ഐക്യത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരുന്നതും മഹാസഖ്യത്തിന്‌ തിരിച്ചടിയായി. ചിരാഗ്‌ പസ്വാനെയും ഉപേന്ദ്ര കുശ്‌വാഹയെയും ഉൾപ്പെടുത്തി എൻഡിഎ വിപുലപ്പെടുത്തിയതും വിജയത്തിന്‌ കാരണമായി. മറുഭാഗത്ത്‌ മഹാസഖ്യത്തിലേക്ക്‌ എത്തിയ വിഐപി, ഐഐപി തുടങ്ങിയ പാർടികൾക്ക്‌ പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല.


സ്‌ത്രീകൾക്ക്‌ 10,000 രൂപ ; നിതീഷിന്റെ തന്ത്രം വോട്ടായി

ബിഹാർ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ ഒരുകോടിയിലേറെ സ്‌ത്രീകളുടെ അക്ക‍ൗണ്ടിലേക്ക്‌ 10000 രൂപ എത്തിച്ച്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാർ നടപ്പാക്കിയ ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ എൻഡിഎ വിജയത്തിൽ നിർണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. ഇത്തവണ പുരുഷന്മാരേക്കാൾ 8.8 ശതമാനം അധികം സ്‌ത്രീകൾ വോട്ടുരേഖപ്പെടുത്തി. മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും ബിജെപി നടപ്പാക്കിവിജയിച്ച പദ്ധതികൾക്ക്‌ സമാനമായിരുന്നു ബിഹാറിലെ നീക്കവും.​ 
 1.9 കോടി വിധവകൾക്കും വയോധികർക്കും മാസം 1,100 രൂപ പെൻഷൻ, ബാലിക സൈക്കിൾ യോജന, പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക് 50 ശതമാനം സംവരണം തുടങ്ങിയവയും സ്‌ത്രീകളുടെ പ്രീതി പിടിച്ചുപറ്റാൻ നിതീഷിനെ സഹായിച്ചു.


വീഴാതെ 
തേജസ്വി

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിലായിരുന്ന ആർജെഡിയുടെ തേജസ്വി യാദവ്‌ അവസാന റ‍ൗണ്ടുകളിൽ മുന്നേറി വിജയം സ്വന്തമാക്കി. സിറ്റിങ്‌ മണ്ഡലമായ രാഘോപ്പുരിൽ 14532 വോട്ട്‌ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സതീഷ്‌ കുമാറിനെ തോൽപ്പിച്ചു. ആർജെഡി വിട്ട്‌ പുതിയ പാർടി രൂപീകരിച്ച തേജസ്വിയുടെ സഹോദരൻ തേജ്‌പ്രതാപ്‌ യാദവ്‌ മഹുവ മണ്ഡലത്തിൽ തോറ്റു. 35703 വോട്ട്‌ ലഭിച്ച തേജ്‌പ്രതാപ്‌ എൽജെപിക്കും ആർജെഡിക്കും പിന്നിൽ മൂന്നാമതായി.


ഏറ്റവും കൂടുതൽ വോട്ടുവിഹിതം 
ആർജെഡിക്ക്‌; 
22.76 ശതമാനം

ബിഹാർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട്‌ വിഹിതം ആർജെഡിക്കാണ്‌; 22.76 ശതമാനം. മഹാസഖ്യം കനത്ത പരാജയം നേരിട്ടെങ്കിലും നേതൃത്വം നൽകിയ ആർജെഡി ഏറ്റവും വോട്ടു വിഹിതം നേടിയ പാർടിയായി. 143 സീറ്റിൽ മത്സരിച്ച ആർജെഡി 25 സീറ്റിലാണ്‌ ജയിച്ചത്‌. ബിജെപി 20.9 ശതമാനവും ജെഡിയു 18.92 ശതമാനവും വോട്ടുവിഹിതം നേടി. കോണ്‍ഗ്രസിന് 8.95 ശതമാനമാനം.




bihar





deshabhimani section

Related News

View More
0 comments
Sort by

Home