print edition എൻസിആറിലെ തൊഴിലാളി സമരം: ബിജെപി സർക്കാരുകൾ ചർച്ചയ്‌ക്ക് തയ്യാറാകണം- സിപിഐ എം


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:00 AM | 1 min read
ന്യൂഡൽഹി: രാജ്യ തലസ്ഥാന മേഖലയിലെ വ്യവസായിക കേന്ദ്രങ്ങളിൽ സമരം ചെയ്യുന്ന ഫാക്ടറി തൊഴിലാളികളെ നിഷ്‌ഠുരമായി അടിച്ചമർത്താനുള്ള ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകളുടെ നീക്കത്തെ ശക്തമായി അപലപിച്ച് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. വേതന വർധനവും നിയമപരമായ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ ദീർഘകാലമായി സമരം തുടരുകയാണ്. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം ഇരുസർക്കാരുകളും സമരത്തെ അടിച്ചമർത്താൻ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. തൊഴിലാളി നേതാക്കൾക്ക് എതിരെ കള്ളക്കേസുകൾ കെട്ടിച്ചമയ്‌ക്കുന്നു. സമരം ബാഹ്യശക്തികളുടെ സമ്മർദഫലമാണെന്നും തൊഴിലാളി നേതാക്കൾ ഗൂഢാലോചനക്കാരാണെന്നും ചിത്രീകരിക്കുകയാണ് അധികൃതർ.
ഗ്രാമങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി തൊഴിലാളികളെ കൂട്ടത്തോടെ വേട്ടയാടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. കണ്ണിൽ കണ്ടവരെയെല്ലാം തല്ലിചതച്ചു. നൂറുകണക്കിന് തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. തുച്ഛവേതനം, അടിസ്ഥാന തൊഴിൽ അവകാശങ്ങളുടെ നിഷേധം, തൊഴിൽ വകുപ്പിന്റെ മാനേജ്‌മെന്റ് അനുകൂല നിലപാടുകൾ തുടങ്ങിയ മനുഷ്യത്വരഹിതമായ തൊഴിൽ, ജീവിത സാഹചര്യങ്ങൾ സഹിക്കാനാകാതെ തൊഴിലാളികൾ സ്വാഭാവികമായി സമരരംഗത്തിറങ്ങുന്നുണ്ട്. ഡൽഹി–എൻസിആർ മേഖലയിലെ സമരവും ഇൗ രീതിയിൽ വളർന്നുവന്ന അസംതൃപ്‌തിയുടെ സ്വഭാവിക പ്രതിഫലനമാണ്.
തൊഴിലാളികളുടെ സമരത്തിന് സിപിഐ എം പിബി പൂർണ പിന്തുണ പ്രഖ്യാപിച്ചു. അറസ്‌റ്റുചെയ്‌ത തൊഴിലാളികളെ ഉടൻ മോചിപ്പിക്കണം. കേസുകൾ പിൻവലിക്കണം. തൊഴിലാളികളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു.










0 comments