ad
Deshabhimani

വരവിൽ കവിഞ്ഞ സ്വത്ത്; തെലങ്കാനയിൽ ഡെപ്യൂട്ടി കളക്ടറുടെ വസതിയിൽ റെയ്ഡ്

Anti corruption buro.jpg
വെബ് ഡെസ്ക്

Published on Jan 21, 2026, 01:57 PM | 1 min read

ഹൈദരാബാദ്: തെലങ്കാനയിൽ ഡെപ്യൂട്ടി കളക്ടറുടെ വസതിയിൽ ആന്റി കറപ്ഷൻ ബ്യൂറോയുടെ വൻ റെയ്ഡ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടർന്ന് മേഡ്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ ഡെപ്യൂട്ടി കളക്ടറുടെ വസതിയിലും ഓഫീസിലുമാണ് ഒരേസമയം പരിശോധന നടന്നത്.


ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലുമുള്ള ഡെപ്യൂട്ടി കളക്ടറുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ഒമ്പതോളം കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചു. അനധികൃതമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഭൂമിയും ഇയാൾ സമ്പാദിച്ചതായി എസിബി ഉദ്യോഗസ്ഥർ കണ്ടെത്തി.


പരിശോധനയിൽ വൻതോതിലുള്ള സ്വർണം, പണം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വത്തുക്കളുടെ വിപണി മൂല്യം ഔദ്യോഗിക കണക്കുകളേക്കാൾ എത്രയോ മടങ്ങ് വരുമെന്നാണ് പ്രാഥമിക നിഗമനം.


ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ വൻതോതിൽ പണം സമ്പാദിച്ചതായി എസിബിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.


രേഖകൾ പൂർണ്ണമായും പരിശോധിച്ച ശേഷം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു.


അഴിമതിക്കെതിരെ തെലങ്കാന സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ അഴിമതിക്കേസിൽ എസിബി വലയിലായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home