ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തി; തമിഴ്‌നാട്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചെന്നൈ: വനിതാ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ ശുചിമുറിയിൽ ഒളിഞ്ഞുനോക്കി പകർത്തിയ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്.
സായുധ സേനയിലെ ഉദ്യോഗസ്ഥനായ സതീഷ് കുമാറാണ് പിടിയിലായത്. പൊലീസ് ക്വാർട്ടേഴ്‌സിലെ ശുചിമുറിയിൽ വെച്ചാണ് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വനിതാ കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
ശുചിമുറിയുടെ വെന്റിലേഷനിലൂടെ മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ട യുവതി ഉടൻ തന്നെ ബഹളം വെക്കുകയും സഹപ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സതീഷ് കുമാർ കുടുങ്ങിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസുകാർക്കിടയിൽ തന്നെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വാർത്ത തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.










0 comments