ad
Deshabhimani

ആരവല്ലി മലനിരകളുടെ പരിധി നിശ്ചയിക്കൽ; വിദഗ്ധ സമിതി റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Arawalli.jpg
വെബ് ഡെസ്ക്

Published on Jan 21, 2026, 11:46 AM | 1 min read

ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ പരിധി നിശ്ചയിക്കുന്നതിൽ വരുത്തിയ മാറ്റവും അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആരവല്ലി മലനിരകളെ പുനർനിർവചിച്ച മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റെ വിധി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.


മലനിരകളുടെ നിർവചനത്തിൽ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വിശകലനം ചെയ്യാൻ പുതിയ വിദഗ്ധ സമിതി രൂപീകരിക്കാനും നിർദ്ദേശിച്ചിരുന്നു. 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി കണക്കാക്കൂ എന്നായിരുന്നു വിവാദമായ പുതിയ നിർവചനം.


ഇത് നടപ്പിലാക്കിയാൽ കുറഞ്ഞ ഉയരമുള്ള കുന്നുകളിൽ വ്യാപകമായ ഖനനത്തിന് വഴിവെക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ ഉയർത്തിയിരുന്നു. നിർവചനത്തിലെ അവ്യക്തത പരിഹരിക്കാനും പരിസ്ഥിതി ആഘാതം പഠിക്കാനുമാണ് പുതിയ സമിതിയെ നിയോഗിച്ചത്.


വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പുതിയ നിർവചനം ഖനന മാഫിയയെ സഹായിക്കുമെന്നും ആരവല്ലിയുടെ സ്വാഭാവിക ഘടന തകർക്കുമെന്നുമാണ് ഹർജിക്കാരുടെ വാദം.


രാജ്യത്തിന്റെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആരവല്ലി മലനിരകളുടെ സംരക്ഷണം മുൻനിർത്തി സുപ്രീംകോടതി ഇന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിർണ്ണായകമാകും. വരും വർഷങ്ങളിൽ വടക്കേ ഇന്ത്യയിലെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home