കർണാടകയിൽ 400 കോടിയുടെ നിരോധിത നോട്ട് കവർച്ച: ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര്

ബെംഗളൂരു: കർണാടകയിൽ കണ്ടെയ്‌നറിൽ കടത്തിയ 400 കോടി രൂപയുടെ നിരോധിത നോട്ടുകൾ തട്ടിയെടുത്ത സംഭവത്തെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് കടുക്കുന്നു.
ബെളഗാവിയിലെ ചോർല ഘട്ട് മേഖലയിൽ നടന്ന നാടകീയമായ കവർച്ചയിൽ പരസ്പര ആരോപണങ്ങളുമായി ഇരു പാർട്ടികളും രംഗത്തെത്തി. നിരോധിത നോട്ടുകൾ മാറ്റിയെടുക്കാനുള്ള വലിയൊരു റാക്കറ്റാണ് ഇതിന് പിന്നിലെന്നും കവർച്ചയ്ക്ക് ബിജെപി ഭരണകൂടങ്ങളുടെ ഒത്താശയുണ്ടെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
പണം മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും കടത്തിയതായി വിവരമുണ്ട്. കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കോൺഗ്രസ് സർക്കാരിന്റെ അറിവോടെയാണ് പണം കടത്തിയതെന്ന് ബിജെപി തിരിച്ചടിച്ചു. കർണാടകയെ കോൺഗ്രസ് എടിഎം ആയി ഉപയോഗിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി സമാഹരിച്ച തുകയാണ് ഇതെന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.
സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വൻതോതിൽ നിരോധിത നോട്ടുകൾ എങ്ങനെ സംസ്ഥാന അതിർത്തി കടന്നു എന്നതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്.










0 comments