സമുദ്രചരിത്രം കുറിക്കാൻ ഐഎൻഎസ് സുദർശിനി; ലോകം ചുറ്റാൻ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ ഐഎൻഎസ് സുദർശിനി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. 'ലോകയാൻ 2026' എന്ന് പേരിട്ടിരിക്കുന്ന ചരിത്രപരമായ ലോകസഞ്ചാരത്തിനാണ് ബുധനാഴ്ച തുടക്കമായത്.
പത്തുമാസം നീളുന്ന ഈ യാത്രയിൽ ലോകത്തെ 13 രാജ്യങ്ങളിലായി 20 പ്രധാന തുറമുഖങ്ങളിൽ സുദർശിനി നങ്കൂരമിടും. പരിശീലനത്തിനൊപ്പം ഇന്ത്യയുടെ സമുദ്രപാരമ്പര്യവും അഭിമാനവും ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ആകെ 22,000 നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള യാത്രയിൽ അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. 10 ഓഫിസർമാരും 40 സെയിലർമാരും 30 ട്രെയിനികളുമടക്കം 80 അംഗ സംഘമാണ് കപ്പലിലുള്ളത്.
ഫ്രാൻസിൽ നടക്കുന്ന ലോകപ്രശസ്തമായ 'ടോൾ ഷിപ്പ് റേസി'ലും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സുദർശിനി പങ്കെടുക്കും. സൂയസ് കനാലും ജിബ്രാൾട്ടർ കടലിടുക്കും പിന്നിട്ടുള്ള സാഹസിക യാത്രയാണിത്.
ഗോവ കപ്പൽശാലയിൽ നിർമ്മിച്ച് 2012-ൽ നാവികസേനയുടെ ഭാഗമായ സുദർശിനിക്ക് 54 മീറ്റർ നീളവും 513 ടൺ ഭാരവുമുണ്ട്. ആധുനിക സജ്ജീകരണങ്ങളോടൊപ്പം തന്നെ പരമ്പരാഗത പായ്ക്കപ്പൽ രീതിയിലാണ് ഇതിന്റെ പ്രവർത്തനം.
ഇന്ത്യയുടെ കരുത്തും സമാധാന സന്ദേശവും ലോകമെങ്ങും എത്തിക്കാനാണ് ഈ 'ലോകയാൻ' പദ്ധതിയിലൂടെ നാവികസേന ലക്ഷ്യമിടുന്നത്.










0 comments