ad
Deshabhimani

ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു: മരണം 32 ആയി

Indore Contamination
വെബ് ഡെസ്ക്

Published on Feb 02, 2026, 11:47 AM | 1 min read

ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഭഗീരഥപുര നിവാസിയായ ലക്ഷ്മി രജക് (65) എന്ന വയോധികയാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്.


മലിനജലം ഉപയോഗിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറിളക്കവും ബാധിച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ 62 വയസ്സുകാരനായ ഖുബ്ചന്ദ് ബന്ദയ്യയും ഇതേ രോഗലക്ഷണങ്ങളോടെ മരിച്ചിരുന്നു.


മൃതദേഹം റോഡിൽ വെച്ച് ബന്ധുക്കൾ പ്രതിഷേധം സംഘടിപ്പിച്ചത് സംഘർഷാവസ്ഥയ്ക്കും കാരണമായി. മരണസംഖ്യ 32 ആയെന്ന് പ്രാദേശിക നിവാസികളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോഴും, ഔദ്യോഗിക കണക്കുകളിൽ ഇപ്പോഴും 16 മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.


മരിച്ച മറ്റുള്ളവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കോടതിയുടെ ഇടപെടലിനെത്തുടർന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് സുശീൽ കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.


കുടിവെള്ള പൈപ്പുകളിലേക്ക് മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭഗീരഥപുര മേഖലയിൽ ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയത്. മേഖലയിൽ ഇപ്പോഴും കുടിവെള്ള വിതരണം ടാങ്കറുകൾ വഴിയാണ് നടക്കുന്നത്.


എന്നാൽ ടാങ്കർ വെള്ളവും സുരക്ഷിതമല്ലെന്ന ഭയത്തിലാണ് നാട്ടുകാർ. സംഭവത്തിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.


സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇൻഡോറിലെ ഈ ദുരന്തത്തിന് പിന്നാലെ മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും ജലപരിശോധന കർശനമാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home