ad
Deshabhimani

ലേയിലെ ബോർഡിൽ ജാതിപ്പേര് പതിപ്പിച്ച് സഞ്ചാരി; ഹരിയാന സ്വദേശിയുടെ പെരുമാറ്റത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Leh.jpg
വെബ് ഡെസ്ക്

Published on Jan 21, 2026, 11:38 AM | 1 min read

ലേ: ലഡാക്കിലെ ലേയിൽ അതിർത്തി റോഡ് സംഘടനയുടെ ദിശാസൂചിക ബോർഡിൽ ജാതിപ്പേരുള്ള സ്റ്റിക്കർ പതിച്ച് വികൃതമാക്കിയ ഹരിയാന സ്വദേശിക്കെതിരെ വ്യാപക പ്രതിഷേധം.


സമുദ്രനിരപ്പിൽ നിന്ന് 13,479 അടി ഉയരത്തിലുള്ള 'ഫോട്ടു ലാ പാസി'ലെ നാഴികക്കല്ലിലാണ് ഇയാൾ 'ഗുർജർ' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.


ഥാറിൽ എത്തിയ യുവാവ്, ഒരു നേട്ടം ആഘോഷിക്കുന്ന രീതിയിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും ഉത്തരവാദിത്തമില്ലാത്ത ടൂറിസത്തിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.


അതിർത്തി മേഖലകളിലെ ഗതാഗതത്തിനായി സൈന്യം ഏറെ കഷ്ടപ്പെട്ട് നിർമ്മിച്ച നാഴികക്കല്ലിലാണ് യുവാവ് സ്റ്റിക്കർ പതിച്ചത്. യുവാവ് സഞ്ചരിച്ച വാഹനത്തിന് മുൻപ് തന്നെ 18 ട്രാഫിക് ചലാനുകൾ നിലവിലുണ്ടെന്നാണ് വിവരം.




ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ ഇത്തരം പൗരബോധമില്ലാത്തവരാണെന്ന് നിരവധി പേർ പ്രതികരിച്ചു. പ്രതിയെക്കൊണ്ട് തന്നെ സ്റ്റിക്കർ നീക്കം ചെയ്യിക്കണമെന്നും വൻതുക പിഴ ഈടാക്കണമെന്നും ആവശ്യമുയർന്നു.


പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കിൽ എത്തുന്ന വിനോദസഞ്ചാരികൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. വീഡിയോയിലെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home