ad
Deshabhimani

പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം വിവാഹവാഗ്ദാനം ലംഘിച്ചാൽ ബലാത്സംഗമാകില്ല: അലഹബാദ് ഹൈക്കോടതി

Allahabad high court.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 11:33 AM | 2 min read

പ്രയാഗ്‌രാജ്: രണ്ട് പ്രായപൂർത്തിയായവർ തമ്മിലുള്ള ദീർഘകാലത്തെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ മാത്രം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.


കേവലം വാഗ്ദാന ലംഘനത്തിന്റെ പേരിൽ മാത്രം ഒരാളെ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്കെതിരെയുള്ള വിചാരണക്കോടതിയിലെ മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കി.


പ്രതിയായ സഞ്ജയ് സരോജ് നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് വിവേക് ​​കുമാർ സിംഗ് ഉൾപ്പെട്ട സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. പരാതിക്കാരി തന്റെ പൂർണ്ണ സമ്മതത്തോടെയാണ് പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ, പിന്നീട് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പ്രതിയെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.


കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പരാതിക്കാരി പ്രതിയെ വിവാഹം കഴിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ഇത് പ്രതിയെ വിവാഹത്തിന് നിർബന്ധിതനാക്കാൻ വേണ്ടി മാത്രം ഫയൽ ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യലാണെന്നും കോടതി നിരീക്ഷിച്ചു.


പ്രതാപ്‌ഗഢ് സ്വദേശിനിയായ പെൺകുട്ടിയും അവരുടെ ദൂരബന്ധുവായ സഞ്ജയും തമ്മിൽ 2014 മുതൽ പ്രണയത്തിലായിരുന്നു. ഈ കാലയളവിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.


എന്നാൽ പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും, ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചുവെന്നും കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചത്. തങ്ങളെ ഭീഷണിപ്പെടുത്താൻ യുവാവ് വീഡിയോകൾ പകർത്തിയതായും യുവതി ആരോപിച്ചിരുന്നു.


തുടർന്ന് 2020-ൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും 2021-ൽ മജിസ്‌ട്രേറ്റ് കോടതി ഇത് പരിഗണനയിലെടുക്കുകയും ചെയ്തു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം 2014 മുതൽ 2019 വരെ ഏതാണ്ട് അഞ്ച് വർഷത്തോളം നീണ്ടുനിന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഇത്രയും നീണ്ട കാലയളവിൽ ഓരോ തവണയും വിവാഹവാഗ്ദാനം വിശ്വസിച്ചാണ് പെൺകുട്ടി സമ്മതം നൽകിയതെന്ന് കരുതാനാകില്ല. വിവാഹം കഴിക്കാമെന്ന വ്യാജവാഗ്ദാനം നൽകി തുടക്കം മുതൽ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ സമ്മതം വാങ്ങിയെടുക്കുമ്പോൾ മാത്രമാണ് അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നത്.


എന്നാൽ ഇവിടെ ദീർഘകാലത്തെ പരസ്പര സമ്മതത്തോടെയുള്ള നല്ലൊരു ബന്ധം പിന്നീട് തകർന്നതാണ്. അതിനെ ബലാത്സംഗമായി ചിത്രീകരിക്കുന്നത് നിയമത്തെ ദുരുപയോഗം ചെയ്യലാണെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home