ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്ക് നിരോധനം; ക്യാമ്പസിൽ നിയന്ത്രണം കടുപ്പിച്ചു

ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹി സർവകലാശാല ക്യാമ്പസിൽ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും സർവകലാശാല അധികൃതർ ഒരു മാസത്തെ നിരോധനം ഏർപ്പെടുത്തി. നോർത്ത് ഡൽഹിയിലെ മോറിസ് നഗർ മേഖലയിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിനെത്തുടർന്നാണ് നടപടി.
അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് പ്രോക്ടറുടെ ഉത്തരവ് പ്രകാരം നിരോധിച്ചു. ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളികൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സർവകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കാനും ഗതാഗതം തടസ്സപ്പെടുത്താനും സാധ്യതയുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ മുൻനിർത്തി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
യുജിസിയുടെ പുതിയ ഇക്വിറ്റി റെഗുലേഷനുമായി ബന്ധപ്പെട്ട് ആർട്സ് ഫാക്കൽറ്റിക്ക് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ഉരസൽ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ക്രോസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെയും അതിക്രമം നടന്നതായി പരാതിയുണ്ട്. അതേസമയം, സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് ഇതെന്ന് ഡൽഹി സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മിഥുരാജ് ധുഷ്യ പ്രതികരിച്ചു. ഗതാഗത തടസ്സം എന്ന മുടന്തൻ ന്യായമുയർത്തി പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments