ad
Deshabhimani

ബ്ലിങ്കിറ്റിനെതിരെ ഡൽഹി പൊലീസ്; കൊലപാതകങ്ങൾക്കായി ഉപയോഗിച്ച 'ബട്ടൺ കത്തികൾ' വിറ്റതിന് കേസ്

Blinkit.jpg
വെബ് ഡെസ്ക്

Published on Feb 18, 2026, 02:12 PM | 1 min read

ന്യൂഡൽഹി: ബ്ലിങ്കിറ്റിനെതിരെ നിയമനടപടിയുമായി ഡൽഹി പൊലീസ്. നിരോധിത മാരകായുധങ്ങളുടെ പട്ടികയിൽപ്പെടുന്ന 'ബട്ടൺ കത്തികൾ' ഓൺലൈനായി വിറ്റതിനാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.


അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ബ്ലിങ്കിറ്റിൽ നിന്നാണ് വാങ്ങിയതെന്ന് മൊഴി നൽകിയതിനെത്തുടർന്നാണ് പൊലീസിന്റെ നീക്കം.


ഡൽഹിയിലെ ഖ്യാല മേഖലയിൽ നടന്ന കൊലപാതക കേസുകളിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഓൺലൈൻ വഴി ആയുധങ്ങൾ ലഭിച്ച വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ വെസ്റ്റ് ഡൽഹി പൊലീസ് ബ്ലിങ്കിറ്റ് ആപ്പ് വഴി ഒരു കത്തി ഓർഡർ ചെയ്തു.


വെറും 22 മിനിറ്റിനുള്ളിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു നൽകിയ കത്തി പരിശോധിച്ചപ്പോൾ അത് സർക്കാർ നിരോധിച്ച നിശ്ചിത അളവിലും കൂടുതലുള്ള (8 സെ.മീ നീളം, 2.5 സെ.മീ വീതി) ബട്ടൺ കത്തിയണെന്ന് വ്യക്തമായി.


സംഭവത്തെത്തുടർന്ന് നടത്തിയ വ്യാപക റെയ്ഡുകളിൽ ബ്ലിങ്കിറ്റിന്റെ വിവിധ ഗോഡൗണുകളിൽ നിന്നും ഔട്ട്‌ലെറ്റുകളിൽ നിന്നുമായി അമ്പതോളം നിരോധിത കത്തികൾ പൊലീസ് പിടിച്ചെടുത്തു. ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


ഇത്തരം മാരകായുധങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഓൺലൈൻ വഴി ലഭ്യമാക്കുന്നത് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബ്ലിങ്കിറ്റ് അധികൃതരിൽ നിന്ന് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home