2.3 കോടി ജനങ്ങൾ, ഒരു കൂളിംഗ് സോൺ; പൂർണപരാജയമായി ഡൽഹി സർക്കാരിന്റെ ഹീറ്റ് വേവ് ആക്ഷൻ പ്ലാൻ

ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന രാജ്യതലസ്ഥാനത്ത് ജനങ്ങൾക്ക് ആശ്വാസം പകരേണ്ട 'കൂളിംഗ് സോൺ' പദ്ധതികൾ പാളുന്നു. 'ഹീറ്റ് വേവ് ആക്ഷൻ പ്ലാൻ 2026' പ്രകാരം നഗരത്തിലുടനീളം കൂളിംഗ് സോണുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിൽ 2.3 കോടിയോളം വരുന്ന ജനസംഖ്യയ്ക്കായി ഒരൊറ്റ കൂളിംഗ് സോൺ മാത്രമാണ് കൃത്യമായി പ്രവർത്തിക്കുന്നത്.
തൊഴിലാളികൾ, വഴിയാത്രക്കാർ, റിക്ഷാ തൊഴിലാളികൾ എന്നിവർക്ക് കടുത്ത വെയിലിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാൻ തണൽ, തണുത്ത വെള്ളം, ഒആർഎസ്, ഫാനുകൾ എന്നിവയടങ്ങുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഇവ പേപ്പറിലൊതുങ്ങിയതായാണ് നിലവിലെ ഗ്രൗണ്ട് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും സഹകരണത്തോടെ വിപൂലമായ ക്യാമ്പുകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നഗരത്തിലെ ഭൂരിഭാഗം തിരക്കേറിയ കേന്ദ്രങ്ങളിലും ഇത്തരം സംവിധാനങ്ങൾ കാണാനില്ല. വരും ദിവസങ്ങളിലും ഡൽഹിയിൽ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നിർജ്ജലീകരണം, സൂര്യാഘാതം എന്നിവയേറ്റുള്ള കേസുകൾ നഗരത്തിലെ ആശുപത്രികളിൽ വർദ്ധിച്ചുവരികയാണ്. തലസ്ഥാന നഗരിയിലെ ദരിദ്രരും സാധാരണക്കാരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് 'തണുപ്പ് ലഭിക്കാനുള്ള അവകാശം' പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന്റെ ആസൂത്രണത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
കാലവർഷത്തിന് മുൻപുള്ള ഈ കടുത്ത വേനലിൽ ജനങ്ങൾക്ക് അടിയന്തിര ആശ്വാസം എത്തിക്കാൻ കൂടുതൽ താൽക്കാലിക കൂളിംഗ് സെന്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.










0 comments