ദേശീയ പണിമുടക്ക്: രാഹുൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ സതീശൻ യാത്രയിൽ; തൊഴിലാളികളെ വെല്ലുവിളിക്കുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളികളും കർഷകരും നടത്തുന്ന ദേശീയ പണിമുടക്കിന് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ പണിമുടക്കിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം തെരുവിലിറങ്ങുമ്പോഴും യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുമായി മുന്നോട്ട് പോകാനാണ് സതീശന്റെ തീരുമാനം.
ഇന്ന് കോഴിക്കോട് ജില്ലയിൽ നിശ്ചയിച്ചിട്ടുള്ള യാത്രയിൽ മാറ്റമില്ലെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്ര മാറ്റിവെക്കണമെന്ന് സ്വന്തം സംഘടനയായ ഐഎൻടിയുസി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും അത് തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് യാത്രയുമായി നീങ്ങുന്നത്.
സതീശന്റെ ഈ നിലപാട് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് വിമർശനമുയർന്നു കഴിഞ്ഞു. അതേസമയം, എക്സിലൂടെയാണ് രാഹുൽ ഗാന്ധി പണിമുടക്കിന് പിന്തുണ അറിയിച്ചത്.
മോദി സർക്കാർ തൊഴിലാളികളെയും കർഷകരെയും പൂർണ്ണമായും അവഗണിക്കുകയാണെന്നും അവരുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ ശബ്ദം കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം സമരത്തിനൊപ്പമാണെന്ന് പറയുമ്പോഴും കേരളത്തിലെ കോൺഗ്രസ് ഐഎൻടിയുസിയെ തടയുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും വിമർശിച്ചു.
തൊഴിലാളി താല്പര്യങ്ങളേക്കാൾ രാഷ്ട്രീയ നേട്ടത്തിനാണ് സതീശൻ മുൻഗണന നൽകുന്നതെന്ന് എളമരം കരീം പറഞ്ഞു. സ്വന്തം പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് കേരളത്തിലെ കോൺഗ്രസ് നീങ്ങുന്നതെന്നും ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.










0 comments