രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ശാരീരിക ബന്ധം സ്വഭാവദൂഷ്യമായി കാണാനാകില്ല: സുപ്രീംകോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് അവിവാഹിതർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്, അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി കാണാനാകില്ലെന്ന് സുപ്രീംകോടതി.
തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ ജോലി നിഷേധിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളോട് അധികാരികൾ സംവേദനക്ഷമത പുലർത്തണമെന്ന് കോടതി ഓർമ്മിപ്പിച്ചു.
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. 'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു' എന്നാരോപിച്ച് 2014-ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഒരു ഉദ്യോഗാർത്ഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു.
ഈ കേസ് പിന്നീട് 2015-ൽ ലോക് അദാലത്ത് മുഖേന ഒത്തുതീർപ്പാക്കിയതായിരുന്നു. ഉദ്യോഗാർത്ഥി തന്റെ അപേക്ഷാ ഫോമിൽ ഈ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് അവിവാഹിതർ തമ്മിലുള്ള ശാരീരിക ബന്ധം, അതിലൊരാളുടെ സ്വഭാവത്തെക്കുറിച്ച് മോശം ധാരണ ഉണ്ടാക്കാനുള്ള അടിസ്ഥാനമായി മാറരുത്.
രണ്ട് അവിവാഹിതർക്ക് അവരുടെ താല്പര്യപ്രകാരം ഒരു ബന്ധം പുലർത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്നും കോടതി പറഞ്ഞു. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു ബന്ധം വിവാഹത്തിലെത്തിയില്ല എന്നതുകൊണ്ട് മാത്രം പങ്കാളികളിൽ ഒരാൾ മറ്റേയാളെ ചതിച്ചുവെന്ന് കരുതാനാകില്ല. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനക്കേസ് ലോക് അദാലത്തിൽ ഒത്തുതീർപ്പാക്കുന്നത് കുറ്റം സമ്മതിക്കലല്ല.
പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ആണ് ഒത്തുതീർപ്പിലെത്തിച്ചത് എന്ന് തെളിയിക്കാൻ കൃത്യമായ വിവരങ്ങളില്ലെങ്കിൽ, കേസ് ഒത്തുതീർപ്പായെന്ന കാരണത്താൽ തൊഴിലുടമയ്ക്ക് ഉദ്യോഗാർത്ഥിക്കെതിരെ തെറ്റായ നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഉദ്യോഗാർത്ഥിക്ക് ധാർമ്മിക അധഃപതനമുണ്ടെന്ന് ആരോപിച്ചാണ് റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനം റദ്ദാക്കിയത്. ഇതിനെതിരെ തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയിരുന്നു.
തുടർന്നാണ് ഉദ്യോഗാർത്ഥി സുപ്രീംകോടതിയെ സമീപിച്ചത്. അവിവാഹിതർ തമ്മിലുള്ള ശാരീരിക ബന്ധങ്ങൾ ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരികയാണെന്നും ദീർഘകാലമായി തുടരുന്ന ബന്ധങ്ങളിൽ പരസ്പര സമ്മതമുണ്ടായിരുന്നു എന്ന് അനുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരി കേസ് തുടരാൻ ആഗ്രഹിക്കാതെ ഒത്തുതീർപ്പാക്കിയ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് പൊലീസ് ജോലിക്ക് ആവശ്യമായ സ്വഭാവശുദ്ധിയില്ലെന്ന് പറയാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉദ്യോഗാർത്ഥിയുടെ നിയമനം റദ്ദാക്കിയ ഉത്തരവ് പൂർണ്ണമായും തള്ളി.










0 comments