ad
Deshabhimani

print edition ഒറ്റമഴയിൽ മുങ്ങി രാജ്യതലസ്ഥാനം; ‘ട്രിപ്പിൾ എൻജിൻ’ ഓണാകുന്നില്ലേ?

delhi rain.jpg

കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട ന്യൂഡല്‍ഹിയിലെ ബാബാ ഖഡക് സിങ് റോഡിലൂടെ കടന്നുപോകുന്ന ബസ്

avatar
സ്വന്തം ലേഖകൻ

Published on Aug 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഒറ്റ മഴയിൽ മുങ്ങി ബിജെപിയുടെ ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ ഭരിക്കുന്ന രാജ്യതലസ്ഥാനം. വെള്ളക്കെട്ട്‌ തടയുന്നതിനുൾപ്പെടെ ഒരു മുൻകരുതലും സർക്കാർ സംവിധാനങ്ങൾ എടുക്കാത്തത്‌ ജനങ്ങളെ കൊടിയ ദുരിതത്തിലാക്കി. ബിജെപി ഭരിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളും ഡൽഹി മുനിസിപ്പൽ കോർപറേഷനും എന്തുചെയ്യുകയാണെന്ന വിമർശനം ശക്തമായി. എഎപി ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ പ്രതിഷേധം ശക്തമാക്കി.


നഗരത്തിലെ 95 ശതമാനത്തിലധികം ഓടകളും വൃത്തിയാക്കിയതായി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒറ്റ മഴയോടെ അവകാശവാദം പൊളിഞ്ഞു. അഴുക്കുചാലുകൾ വൃത്തിഹീനമായി അടഞ്ഞുകിടക്കുന്നതാണ്‌ ഡൽഹിയിൽ വെള്ളക്കെട്ട്‌ രൂക്ഷമാകാനുള്ള പ്രധാന കാരണം. പൊതുമരാമത്ത് വകുപ്പ്, മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ, ഡൽഹി വികസന അതോറിറ്റി എന്നിങ്ങനെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ്‌ പ്രശ്നം വഷളാക്കി. നിർമാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും നീക്കുന്നതിലുൾപ്പെടെ ഏകോപനക്കുറവുണ്ടായി. റോഡുകളുടെയും ഫ്ലൈഓവറുകളുടെയും നിർമാണത്തിനുശേഷം സിമന്റും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഓടകളിൽനിന്ന് നീക്കാതിരുന്നത് ജലമൊഴുക്ക് തടസ്സപ്പെടുത്തി. അടിപ്പാതകളിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ വേഗത്തിൽ അടിച്ചുകളയാനുള്ള ഡ്രെയിനേജ് പമ്പുകൾ പ്രവർത്തിക്കാത്തതും സാഹചര്യംവഷളാക്കി.


കൊണാട്ട് പ്ലേസ്, ഐടിഒ, സുപ്രീംകോടതി പരിസരങ്ങൾ, ജനക്‌പുരി ഉൾപ്പെടെയുള്ള നഗരത്തിലെ സുപ്രധാന മേഖലകളിലും വെള്ളക്കെട്ട്‌ തടയുന്നതിന്‌ ഒരു പ്രവർത്തനവും ഉണ്ടായില്ല. റിങ്‌റോഡുൾപ്പെടെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക്‌ ര‍ൂക്ഷമായി. നോയ്‌ഡ, ഗുഡ്‌ഗാവ്‌ മേഖലകളിലും ഒറ്റ മഴ കൊണ്ട്‌ വെള്ളക്കെട്ട്‌ ര‍ൂക്ഷമായി. മഴമൂലം ചൊവ്വാഴ്ചയും ഡൽഹിയിൽ സാഹചര്യം വഷളായി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയുംചെയ്തു. വെള്ളക്കെട്ട്‌ രൂക്ഷമായത്‌ സ്‌കൂൾവിദ്യാർഥികളെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കി. എച്ച്‌ വൺ എൻ വൺ രോഗബാധയിൽ വർധനവും റിപ്പോർട്ട്‌ ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home