വിശ്വാസത്തിന്റെ പേരിൽ നർമ്മദയിൽ ഒഴുക്കിയത് 11,000 ലിറ്റർ പാൽ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

ആചാരത്തിന്റെ ഭാഗമായി നർമദാ നദിയിൽ പാലൊഴുക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ വിശ്വാസത്തിന്റെ പേരിൽ നർമ്മദാ നദിയിൽ 11,000 ലിറ്റർ പാലൊഴുക്കിയ സംഭവം വിവാദമാകുന്നു. സത്‌ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ ക്ഷേത്രത്തിൽ ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നടപടി.
നദിയിലേക്ക് പാൽ ഒഴുക്കിവിടുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിൽ നടന്ന 21 ദിവസം നീളുന്ന ഉത്സവത്തിന്റെ ഭാഗമായാണ് നർമ്മദയെ 'പാലഭിഷേകം' ചെയ്തത്. 41 ടൺ നെയ്യ് ഉപയോഗിച്ചുള്ള യജ്ഞവും ഇതിനൊപ്പം സംഘടിപ്പിച്ചിരുന്നു.
ലക്ഷക്കണക്കിന് കുട്ടികൾ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ഒരു രാജ്യത്ത് ഇത്രയധികം പാൽ നദിയിൽ ഒഴുക്കി നശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വിമര്ശനമുയർന്നുകഴിഞ്ഞു. നദിയിൽ വലിയ അളവിൽ പാൽ കലരുന്നത് വെള്ളത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇത് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളുടെ നാശത്തിന് കാരണമാകും. കൂടാതെ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ജലമലിനീകരണത്തിനും ഇത് വഴിവെക്കും. വിമർശനങ്ങൾ കടുക്കുമ്പോഴും ആചാരത്തെ ന്യായീകരിക്കാനാണ് ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും ശ്രമിക്കുന്നത്.
ബാബയ്ക്ക് നർമ്മദ അമ്മയെപ്പോലെയാണ്. നദിയെ ശുദ്ധീകരിക്കാനും പ്രദേശവാസികളുടെ ഐശ്വര്യത്തിനും വേണ്ടിയാണ് അഭിഷേകം നടത്തിയതെന്നാണ് സംഘാടകരുടെ വാദം. സ്വകാര്യ ഫണ്ട് ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തിയത്. ആചാരങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും സംഘാടകർ പറഞ്ഞു.
എന്നാൽ, ആചാരങ്ങളുടെ പേരിൽ പ്രകൃതിയെ മലിനമാക്കുന്നതും വിഭവങ്ങൾ പാഴാക്കുന്നതും തടയാൻ അധികൃതർ ഇടപെടണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് മനുഷ്യർ മരിക്കുമ്പോഴാണ് ഇത്തരം അനാചാരങ്ങൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയും പ്രതിഷേധമുണ്ട്.










0 comments