“ജീവിതം അവസാനിപ്പിക്കരുത്, എന്നെ വിളിക്കൂ”; മഹാരാഷ്ട്രയിലെ കർഷകരുടെ സ്വന്തം നാനാ

ശബ്ദം കൊണ്ടും, കഥാപാത്രങ്ങൾ കൊണ്ടും ഇന്ത്യയിലെ ചലച്ചിത്രാസ്വാദകരെ പിടിച്ചിരുത്തിയ നാനാ പടേക്കറിന്റെ വഴി തീർത്തും വേറിട്ടതായിരുന്നു.
"ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയാൽ എന്നെ വിളിക്കൂ"
വരൾച്ചക്കും വിളനാശത്തിനുമൊപ്പം കടബാധ്യതയും പേറി ആത്മഹത്യ വക്കിലെത്തിയ മഹാരാഷ്ട്രയിലെ കർഷകരോട് നാനാ പടേക്കർ പറഞ്ഞ വാക്കുകളാണിത്. ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലുണ്ടായാൽ അത്തരമൊരു തീരുമാനമെടുക്കാതെ തന്നെ വിളിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട ഇന്ത്യയിലെ ഒരേയൊരു നടനായിരിക്കും നാനാ.
കർഷകരുടെ ദുരിതം നേരിട്ട് കണ്ട അനുഭവങ്ങളാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് പലതവണ പടേക്കർ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് അന്നം തരുന്നവരാണ് കർഷകർ, അവർ നേരിടുന്ന പ്രതിസന്ധി രാജ്യത്തിന്റെയാകെ പ്രശ്നമാണെന്നായിരുന്നു നാനാ പടേക്കറിന്റെ പക്ഷം. കർഷക ആത്മഹത്യയെക്കുറിച്ചുള്ള ഒരു ടെലിവിഷൻ റിപ്പോർട്ട് കണ്ടതോടെയാണ് സാമൂഹിക പ്രവർത്തനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പടേക്കർ തയ്യാറായത്.
വിദർഭയിലെ ബീഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സന്ദർശനങ്ങൾ തന്നെ ഏറെ സ്വാധീനിച്ചെന്നും കർഷകരുടെ മരണത്തെ തുടർന്ന് തകർന്ന കുടുംബങ്ങളെയും കുട്ടികളെയും കാണുമ്പോൾ അടിയന്തര ഇടപെടലിന്റെ ആവശ്യകത ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് കർഷക ക്ഷേമം, ജലസംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷൻ വിപുലീകരിച്ചത്.
സിനിമയിൽ നിന്ന് ലഭിച്ച അംഗീകാരങ്ങളേക്കാളും പണത്തേക്കാളും നാം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച സന്തോഷമാണ് വലുതെന്ന് വിശ്വസിക്കാനും അതുറക്കെ പറയാനും പടേക്കറിന് മടിയുണ്ടായിരുന്നില്ല. ഗ്രാമങ്ങളോടായിരുന്നു തനിക്ക് കൂടുതൽ ആത്മബന്ധം തോന്നുന്നതെന്നും നാനാ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഭാവിയിൽ ഒരു ഗ്രാമം ദത്തെടുത്ത് ജലസംരക്ഷണവും സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിച്ച ഈ രാജ്യത്തെ കർഷകരെ അത്രയേറെ സ്നേഹിച്ച മനുഷ്യനാണിന്ന് വിടവാങ്ങിയത്.
നാം ഫൗണ്ടേഷൻ
ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി നാനാ പടേക്കറും മകരന്ദ് അനസ്പുരെയും ചേർന്ന് ആരംഭിച്ച സ്ഥാപനമാണ് നാം ഫൗണ്ടേഷൻ. തുടക്കത്തിൽ, നാന്ദേഡ്, പർഭാനി, ഹിംഗോളി ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 230 കുടുംബങ്ങൾക്ക് സഹായം നൽകി. 15,000 രൂപയുടെ ചെക്ക്, പുതപ്പുകൾ, വസ്ത്രങ്ങൾ, മെഡിക്കൽ കിറ്റ് എന്നിവ ഉൾപ്പെടുന്ന ഒരു കിറ്റ് ആയിരുന്നു നൽകിയിരുന്നത്. ഫൗണ്ടേഷനിലേക്ക് സംഭാവനകൾ ഒഴുകിയെത്തി. ആദ്യ ദിവസം തന്നെ ഫൗണ്ടേഷൻ 80 ലക്ഷം സമാഹരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫൗണ്ടേഷനിലേക്ക് 6.5 കോടിയിലധികം രൂപ സംഭവാനയായെത്തി.
മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലെ കർഷകരെയാണ് ഫൗണ്ടേഷൻ പ്രധാനമായും സഹായിച്ചിരുന്നത്. ധനസഹായവും സാധനങ്ങളും വഴിയാണ് സഹായം. ധനസഹായത്തിന് പുറമേ, ഒരു കോടി മരങ്ങൾ നടുക, കർഷകർക്ക് പരിശീലനം നൽകുക, ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ മാർഗനിർദേശം നൽകുക, കൃഷി കേന്ദ്രങ്ങൾ സ്ഥാപിക്കുക, തൊഴിൽ കേന്ദ്രങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലും ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ധോണ്ടൽഗാവ് (വൈജാപൂർ, ഔറംഗാബാദ്), അമല (വാർധ) എന്നീ ഗ്രാമങ്ങൾ ഫൗണ്ടേഷൻ ദത്തെടുത്തിട്ടുണ്ട്. രാജ്യത്തെ 500 യുവാക്കൾക്കും 30 സ്ത്രീകൾക്കും തൊഴിൽ നൽകുക എന്നതായിരുന്നു ഫൗണ്ടേഷന്റെ ലക്ഷ്യം.








0 comments