Deshabhimani

ഗൾഫ്‌ കപ്പിൽ സൗദി മുത്തം; യുഎഇയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ്‌ കിരീടനേട്ടം

Gulf cup.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 09:02 AM | 1 min read

റിയാദ്: നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഗൾഫ് കപ്പിൽ വീണ്ടും മുത്തമിട്ട്‌ സൗദി അറേബ്യ. ജിദ്ദ അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വ വൈകിട്ട് നടന്ന ഫൈനലിൽ യുഎഇയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് നാലാം കിരീടനേട്ടം. ആദ്യ 13 മിനിറ്റിൽ നേടിയ രണ്ട് ഗോളാണ് വിജയത്തിന് അടിത്തറയിട്ടത്.


11–-ാം മിനിറ്റിൽ ഹമ്മാം അൽ ഹമ്മാമിയിലൂടെ സൗദി മുന്നിലെത്തി. ആദ്യ ഗോളിന്റെ ആഘോഷം തീരുംമുമ്പേ ഫിറാസ് അൽ ബുറൈക്കാൻ സൗദിയുടെ ലീഡ് വർധിപ്പിച്ചു. 13–-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നതോടെ യുഎഇ ആക്രമണം ശക്തമാക്കി. 38–-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വാർ പരിശോധനയിൽ പിൻവലിച്ചത് സൗദിക്ക് ആശ്വാസമായി.


രണ്ടാം പകുതിയിൽ യുഎഇ കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും സൗദിയുടെ പ്രതിരോധനിരയെ മറികടന്ന് വലകുലുക്കാൻ കഴിഞ്ഞില്ല. ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസിന്റെ സേവുകളും പ്രതിരോധനിരയുടെ മികച്ച പ്രകടനവും സൗദി വിജയത്തിൽ നിർണായകമായി.


അവസാനനിമിഷത്തിൽ ഫാബിയോ ലിമയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയതോടെ യുഎഇയുടെ തിരിച്ചുവരവ് പ്രതീക്ഷകൾക്കും വിരാമമായി.

ചരിത്രത്തിൽ ആദ്യമായി ജിദ്ദ നഗരം ആതിഥേയരായ ഗൾഫ് കപ്പിന്റെ 27–ാം പതിപ്പ്‌ സെപ്തംബർ 23 മുതലാണ് ആരംഭിച്ചത്.


എട്ട് ദേശീയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റ്‌ കിങ് അബ്‌ദുള്ള സ്‌പോർട്സ് സിറ്റിയിലെ അൽഇൻമ സ്റ്റേഡിയം, അമീർ അബ്‌ദുള്ള അൽ ഫൈസൽ സ്‌പോർട്സ് സിറ്റി എന്നീ സ്റ്റേഡിയങ്ങളിലായാണ്‌ നടന്നത്. ടൂർണമെന്റിലുടനീളം ഗോൾ വഴങ്ങാതെയാണ് സൗദി കിരീടത്തിലേക്ക് കുതിച്ചത്.


ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച്‌ സെമിഫൈനലിൽ ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഫൈനലിലെത്തിയത്. ഒമാനെ തോൽപ്പിച്ചാണ് യുഎഇ കലാശപ്പോരിന് യോഗ്യത നേടിയത്. 2004നുശേഷം ആദ്യമായാണ് സൗദി ഗൾഫ് കപ്പ് കിരീടം നേടുന്നത്. 1996, 2002 വർഷങ്ങളിലും സൗദി കിരീടം നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home