ബർക്കത്തുള്ള സർവകലാശാലയുടെ പേരുമാറ്റം: പ്രതിഷേധവുമായി എസ്‌എഫ്‌ഐ

ന്യൂഡൽഹി : മധ്യപ്രദേശ് ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയുടെ പേര് മാറ്റത്തിൽ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. വാഗ്‌ദേവി ഭോജ്‌പാൽ സർവകലാശാല എന്നാണ് പുതിയ പേര്. സർവകലാശാലയ്‌ക്ക് മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപകിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സോനു, അഭിഷേക് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
സർവകലാശാലയുടെ പേരിൽ നിന്ന് സ്വാതന്ത്ര്യസമര സേനാനിയായ മൗലാന ബർക്കത്തുള്ളയുടെ പേര് മാറ്റുന്നതിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടേയും ചരിത്രത്തിൽ സംഭാവന ചെയ്തവരുടേയും പേരുവെട്ടി, പകരം മതപരമായ ചിഹ്നങ്ങൾ സ്ഥാപിക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണിതെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അപാകത, ജീവനക്കാർക്ക് വൈകി ലഭിക്കുന്ന ശമ്പളമുൾപ്പെടെ പലവിധ പ്രശ്‌നങ്ങൾ സർവകലാശാലയിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം പേരുമാറ്റത്തിലാണ് ബിജെപി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ബിജെപി സർക്കാരിന്റെ മുൻഗണനാക്രമമാണ് വ്യക്തമാകുന്നതെന്നും അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments