print edition ചീഫ് ജസ്റ്റിസിനെ ക്ഷണിക്കരുതെന്ന ആവശ്യം; വിദ്യാർഥികളുടെ എൻറോൾമെന്റ് വിലക്കി ബാർ കൗൺസിൽ

ന്യൂഡൽഹി: ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കരുതെന്നാവശ്യപ്പെട്ട ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്‌എആർ) വിദ്യാർഥികളുടെ എൻറോൾമെന്റ് വിലക്കി പ്രതികാരം. ബിജെപി എംപിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ മനൻ കുമാർ മിശ്ര സംസ്ഥാന ബാർ കൗൺസിലുകൾക്കാണ് നിർദേശം നിൽകിയത്.
എൻഎഎൽഎസ്‌എആറിൽ നിന്ന് 2026ൽ ബിരുദം നേടിയ ആരെയും ഒരു ബാർ കൗൺസിലിലും അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ ക്ഷണിക്കരുതെന്ന ആവശ്യത്തിൽ പ്രചാരണം നടത്തിയവരെ കണ്ടെത്തി റിപ്പോർട്ട് നൽകാൻ എൻഎഎൽഎസ്‌എആർ വൈസ് ചാൻസലർക്കും മിശ്ര നിർദേശം നൽകി.
യോഗം സംഘടിപ്പിച്ചവർ, മാധ്യമങ്ങളുമായി സംസാരിച്ചവർ തുടങ്ങിയവരെ കണ്ടെത്തണമെന്നും സർക്കുലറിലുണ്ട്. വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ചില അധ്യാപകർ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്നുവെന്നും ബിജെപി നേതാവ് വിസിക്ക് അയച്ച സർക്കുലറിൽ ആരോപിച്ചു. വിസിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം 19-ന് അന്തിമ തീരുമാനം കൈക്കൊള്ളും.
നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ കേൾക്കാൻ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസിൽ നിന്ന് നിയമബിരുദം സ്വീകരിക്കാനില്ലെന്നും മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നും വിസിയോട് അഞ്ഞൂറോളം പേർ ആവശ്യപ്പെട്ടത് വലിയ വാർത്തയായി.










0 comments