ഇന്ന് ലോക മനുഷ്യക്കടത്ത് വിരുദ്ധദിനം
നാഗാലാൻഡിൽ മനുഷ്യക്കടത്ത് വർധിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : നാഗാലാൻഡിൽ മനുഷ്യക്കടത്ത് കൂടുതൽ സങ്കീർണമായ തലങ്ങളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും കടുത്ത അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് മുതലെടുത്ത് സൈബർ കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ബന്ധിപ്പിച്ചാണ് വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നത്.
ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോഹിമയിൽ നടന്ന പരിപാടിയിൽ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വർഷങ്ങളായി രാജ്യത്തെ മനുഷ്യക്കടത്തിന്റെ പ്രധാന ഉറവിടവും ഇടത്താവളവുമാണ് നാഗാലാൻഡ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൻകിട മാഫിയ പ്രവർത്തനമായി നാഗാലാൻഡിലെ മനുഷ്യക്കടത്ത് മാറിക്കഴിഞ്ഞു. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുള്ള അനധികൃത ദത്തെടുക്കലുകൾ, ബാലവേല, വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണം എന്നിവയായിരുന്നു മുൻപ് നാഗാലാൻഡിലെ പതിവ് കേസുകൾ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ ഭരണത്തിലിരിക്കുന്നവർ എത്രത്തോളം പരാജയമാണെന്ന് തുറന്നു കാണിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 178 അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 2090 കോളുകളാണ് വനിതാ ഹെൽപ് ലൈനിലേക്ക് സഹായം തേടിയെത്തിയത്. ഈ കേസുകളിൽ ഗാർഹിക പീഡനം, ലൈംഗികാതിക്രമം, പോക്സോ കേസുകൾ എന്നിവ ഉൾപ്പെടുന്നു. പുറത്തുവരാത്ത കണക്കുകൾ ഇതിലും വലുതാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിന് വൺ സ്റ്റോപ്പ് സെന്ററുകൾ, വനിതാ ഹെൽപ്പ് ലൈൻ 181, ശക്തി സദൻസ് എന്നിവ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പ്രായോഗികമായി ഇടപെടുന്നില്ലെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.









0 comments