ad
Deshabhimani

കർണാടക സർക്കാർ ബുൾഡോസര്‍ കയറ്റി വീടുകള്‍ തകർത്തതോടെ വഴിയാധാരമാക്കപ്പെട്ടവര്‍ 
ദുരിതജീവിതത്തില്‍

print edition നാദിയ ഇനിയെന്ത് പഠിക്കും

nadiya

പാഠപുസ്തകവും ബാഗും നഷ്ടപ്പെട്ട കൊഗിലു ഫക്കീർ കോളനിയിലെ നാദിയ തിരച്ചിലിനിടയിൽ 
കിട്ടിയ മറ്റൊരു ബാഗും പുസ്തകവുമായി / ഫോട്ടോ: സുമേഷ് കോടിയത്ത്

avatar
വിനോദ്‌ പായം

Published on Dec 29, 2025, 02:42 AM | 1 min read


ബംഗളൂരു

കൊഗിലു ഗവ. ഉറുദു യുപി സ്കൂളിലെ നാലാം ക്ലാസുകാരിയാണ് നാദിയ. കഴിഞ്ഞ 19നാണ് അവൾ അവസാനമായി സ്കൂളിൽ പോയത്. ഹോം വർക്ക് എഴുതി പൂർത്തിയാക്കി ചെറിയ മരപ്പെട്ടിയിൽവച്ച് കിടന്നുറങ്ങിയതാണ്. പുലർച്ചെ ബുൾഡോസർ മുരൾച്ചക്കൊപ്പം ഇടിഞ്ഞു വീണ വീടിനുള്ളിലാണ് അവളുടെ ബാഗിപ്പോൾ. അന്നുമുതൽ സ്കൂളിൽ പോയിട്ടില്ല. നാലുനാൾ മുമ്പ് ക്രിസ്മസ് അവധി തുടങ്ങി. അടുത്തയാഴ്ച സ്കൂൾ തുറക്കും മുമ്പ് സ്കൂൾ ബാഗ് കിട്ടുമോയെന്ന സങ്കടം ഉള്ളിലുണ്ട്‌. പരതി നടക്കുന്നതിനിടയിൽ മറ്റൊരു ബാഗും ഒരു പുസ്തകവും കിട്ടി. മറ്റുപുസ്തകങ്ങളും കൂടി കിട്ടിയാൽ സ്കൂളിൽ പോകാൻ പറ്റുമോയെന്ന് ഉമ്മ ദിഖ്ലക്കയോട് അവൾ ചോദിച്ചു കൊണ്ടേയിരുന്നു.


റോഡിലെ പൊടിമണ്ണിൽ സംഗതിയൊന്നുമറിയാതെ കളിക്കുകയാണ് സഹോദരങ്ങളായ ഹാജറയും ഹസീഫും. ഇവരടക്കം പ്രദേശത്തെ 141 കുട്ടികൾ യുദ്ധസമാന സാഹചര്യത്തിലുള്ള ട്രോമയിൽ കഴിയുകയാണെന്ന് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന സംഗമ ഭാരവാഹികൾ പറഞ്ഞു.


സ്കൂളിനോട് ചേർന്നാണ് ബുൾഡോസർ നിരപ്പാക്കിയ ഫക്കീർ കോളനിയുള്ളത്. ഇവിടെ നശിപ്പിച്ച 80 ശതമാനം വീടും മുസ്ലിങ്ങളുടേതും ബാക്കി ദളിതരുടേതുമാണ്. കുട്ടികളിൽ ഭൂരിപക്ഷവും ഉറുദു സ്കൂളിലാണ് പഠിക്കുന്നത്. സംഭവശേഷം സ്കൂൾ മുറ്റം ദുരിതാശ്വാസ ക്യാമ്പ് പോലെയാണ്. ആകെ അടച്ചുറപ്പുള്ള ടോയ്‌ലറ്റുള്ളതും ഇവിടെ. സ്കൂളുകാർ അത് പൂട്ടിയിട്ടു. കുട്ടികളും മറ്റും തുറസായ സ്ഥലത്താണ് പ്രാഥമികകൃത്യങ്ങൾ നടത്തുന്നത്. എട്ട് ദിവസം കഴിഞ്ഞിട്ടും സർക്കാർ അധികൃതർ ഇവിടേക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.


14 ഡിഗ്രിയാണ് രാവിലെ യെലഹങ്കയിലെ താപനില. എവിടുന്നോ സംഘടിപ്പിച്ച കരിന്തുണി വാരിച്ചുറ്റിയാണ് കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ ടാർപോളിൻ ഷീറ്റിനുകീഴെ കിടക്കുന്നത്. കുടിവെള്ള കണക്ഷനുകളെല്ലാം ബുൾഡോസറുകൾ നശിപ്പിച്ചിരുന്നു. കോളനിയിലെ പിറകുവശത്തെ ഉപേക്ഷിച്ച ക്വാറിക്കുഴിയിൽ ബാക്കിയായ മഴവെള്ളമാണ് ആശ്രയം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home