print edition എസ്‌ഐആർ; മുംബൈയിൽ മൂന്നിലൊന്ന് വോട്ടും വെട്ടി

മുംബൈ: വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിൽ (എസ്‌ഐആർ) മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ മൂന്നിലൊന്ന് വോട്ടും വെട്ടിയെന്ന് റിപ്പോർട്ട്. കരട് പട്ടികയെ അടിസ്ഥാനമാക്കി പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ സാബർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. താനെയിലാണ് കൂടുതൽ പേരെ ഒഴിവാക്കിയത്. 74.5 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ഇവിടെ 28.6 ലക്ഷം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. 38.4 ശതമാനമാണ് വോട്ടുവെട്ട്. മുംബൈ സിറ്റിയിൽ 9.5 ലക്ഷം പേരെയും (37.2 ശതമാനം) സബർബനിൽ 26.6 ലക്ഷം പേരെയും (33.9 ശതമാനം) ഒഴിവാക്കി.
മഹാരാഷ്‌ട്രയിലെ ആകെ വോട്ടർമാരുടെ 11 ശതമാനം മാത്രമുള്ള മുംബൈയിലാണ് സംസ്ഥാനത്തെ മൊത്തം വോട്ടുവെട്ടിന്റെ 17 ശതമാനവും നടന്നത്. 34.7 ശതമാനമാണ് ഇവിടങ്ങളിലെ വോട്ടുവെട്ടൽ നിരക്ക്. മറ്റിടങ്ങളിൽ ഇത് 19.5 ശതമാനം മാത്രമായിരുന്നെന്നും പഠനത്തിൽ കണ്ടെത്തി.
സംസ്ഥാനത്താകെ 2.07 കോടി പേരെയാണ് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇതിൽ 16.8 ശതമാനം മാത്രമാണ് മരിച്ചവർ. 83 ശതമാനം പേരെയും താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ഹാജരില്ലാത്തവർ, മറ്റിടത്ത് പേരുള്ളവർ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവാക്കിയത്.
കണ്ടെത്താനാകാത്തവർ, ഹാജരില്ലാത്തവർ– 37.5, സ്ഥിരമായി താമസം മാറിയവർ– 37.1, മറ്റിടങ്ങളിൽ പേരുള്ളവർ– 8.5 എന്നിങ്ങനെയാണ് ശതമാനം.
288 നിയമസഭാ മണ്ഡലങ്ങളിൽ 190 ഇടത്തും ഇൗ വിഭാഗങ്ങളിലായി ഒഴിവാക്കപ്പെട്ടവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. 95 മണ്ഡലങ്ങളിൽ കണ്ടെത്താനാകാത്തവർ, ഹാജരില്ലാത്തവർ വിഭാഗം മാത്രം ഭൂരിപക്ഷത്തേക്കാൾ കൂടുതലുണ്ട്.









0 comments