ad
Deshabhimani

ഐഐടി ബോംബെയിൽ വിദ്യാർഥിയുടെ മരണം: ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി

sahil iit bombay
വെബ് ഡെസ്ക്

Published on Sep 19, 2026, 04:55 PM | 1 min read

മുംബൈ: ഐഐടി ബോംബെയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തു. ഐഐടിയിലെ രണ്ടാം വർഷ വിദ്യാർഥി സഹിൽ വാക്കോഡെയാണ് ജീവനൊടുക്കിയത്. സഹിലിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.


എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായ സഹിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്തിയതായി ഐഐടി അറിയിച്ചു. കോപ്പിയടി ശ്രമം ശ്രദ്ധയിൽപ്പെട്ടെങ്കിലും അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നാണ് ഐഐടിയുടെ വിശദീകരണം. അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിച്ച് കൗൺസലിങ് നൽകിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സംഭവത്തിന്റെ പേരിൽ അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്നും ഉറപ്പുനൽകിയിരുന്നു.


എന്നാൽ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ സഹപാഠികൾ ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചു. അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവും സഹിലിനെ മരണത്തിലേക്ക് നയിച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഒരു വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നും ഹോസ്റ്റൽ ഒഴിയേണ്ടിവരുമെന്നും വിദ്യാർഥിയെ അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.


സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് വിദ്യാർഥികൾ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ക്യാമ്പസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home