യുപിഐ പേമെന്റ് ഫീസ്; പ്രതിഷേധം മറയ്ക്കാൻ പത്രങ്ങൾക്ക് സര്‍ക്കാര്‍ വക ഫുൾപേജ് സഹായം

ന്യൂഡൽഹി: ഗൂഗിൾ പേ, ഫോൺ പേ ആപുകൾ വഴിയുള്ള യുപിഎ പേമെന്റുകൾക്ക് ഫീസ് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ മാധ്യമങ്ങളുടെ വായടപ്പിക്കാൻ പരസ്യദാനം. കോര്‍പ്പറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങി, യുപിഎ ഉപയോഗിക്കുന്ന ജനങ്ങളെ പിഴിയുന്ന പരിപാടിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും യുപിഎ സേവനം ശീലിപ്പിച്ച ശേഷം അവരെ ചൂഷണത്തിന് ഇരയാക്കുകയാണ്. സൗജന്യമായി അനായാസം ലഭ്യമാക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുള്ള സേവനത്തിനാണ് ഫീസ് ഇൗടാക്കുന്നത്. പലതരം ന്യായങ്ങൾ പറഞ്ഞും രണ്ടായിരം രൂപ പരിധി ഉയര്‍ത്തിക്കാട്ടിയും കേന്ദ്ര സർക്കാർ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ചതി ജനം തിരിച്ചറിഞ്ഞു. പ്രതിഷേധം തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇപ്പോൾ പരസ്യം നൽകി കബളിപ്പിക്കാൻ നോക്കുന്നത്.
ശനിയാഴ്ച പുറത്തിറങ്ങിയ മലയാള മനോരമയിലും മാതൃഭൂമിയിലും മുഴുപ്പേജ് കളർ പരസ്യമാണ് നൽകിയത്. "ഉപയോഗത്തിൽ എന്നും സുഗമം, നാളേക്കായി കൂടുതൽ കരുത്തോടെ" എന്നാണ് പരസ്യത്തിലെ പ്രധാന വാചകം. ഉപയോഗത്തിന് സുഗമം തന്നെ എന്ന് ജനങ്ങളും സമ്മതിക്കുന്നു. എന്നാൽ, രണ്ടാമത്തെ വാക്യം "നാളെക്കായി കൂടുതൽ കരുത്തോടെ" എന്നത് കോര്‍പ്പറേറ്റുകൾക്ക് നൽകിയ ഉറപ്പാണോ എന്ന് അവര്‍ ചോദിക്കുന്നു.
പരസ്യത്തിൽ നാല് തവണ സൗജന്യം എന്ന വാക്ക് ആവര്‍ത്തിക്കുന്നു. അതുതന്നെ തട്ടിപ്പാണ്. തൽക്കാലം രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള പേമെന്റുകൾക്കാണ് ഫീസ്. അത് വ്യാപാരികൾക്കു മേലാണെന്ന് പറയുന്നു. എന്നാൽ, തങ്ങൾക്ക് മേൽ ചുമത്തുന്ന ഫീസ് വ്യാപാരികൾ ഉൽപ്പന്നവില വർദ്ധിപ്പിച്ച് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും ഈടാക്കുമെന്ന് ഉറപ്പാണ്. അടുത്ത കാലത്തെ സമാന അനുഭവം, ചില ഉൽപന്നങ്ങൾക്ക് ജിഎസ്ടി കുറവ് നൽകിയതാണ്. വര്‍ധിച്ച നികുതി ജനങ്ങളുടെ കയ്യിൽ നിന്നു വാങ്ങി. കുറവ് വരുത്തിയപ്പോൾ അത് ജനങ്ങളുടെ കയ്യിൽ എത്താതെ സമര്‍ഥമായി മുക്കി. ചോദിക്കാനും പറയാനും ആരുമുണ്ടായില്ല.
പത്ര പരസ്യം വഴി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കൂടുതലായി പ്രതിഷേധം ഉയരുന്ന ഇടങ്ങളിലാണ്. യുപിഐ പേമെന്റ് ഫീസിനെ നിസാരവൽക്കരിച്ചും സര്‍ക്കാര്‍ റിലീസുകൾ അതേപടി പകര്‍ത്തിയും വാര്‍ത്ത നൽകിയ മാധ്യമങ്ങൾക്കാണ് പരസ്യവും നൽകിയത്.
പരസ്യം ഇപ്പോൾ തുടങ്ങിയതല്ല
യുപിഐ പേമെന്റ് ഫീസ് ഏര്‍പ്പെടുത്താനായി നിയമഭേദഗതി വരുത്തിയപ്പോൾ എയ് ഇത്തരത്തിൽ ഒരു ഫീസും ഏര്‍പ്പെടുത്താൻ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു വിശദീകരണം. അന്ന് ആര്‍ബിഐ ഗവര്‍ണര്‍ തന്നെ ഫീസ് വന്നേക്കാം എന്ന് സൂചിപ്പിച്ചു. എങ്കിലും പരസ്യ ദാതാക്കളും പരസ്യം സ്വകരിച്ച് വരിയിൽ ചേര്‍ന്നവരും ഇക്കാര്യത്തിൽ മിണ്ടിയില്ല.
Related News
യുപിഐ ഫീ വിലക്കുന്ന നിയമം പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ മറപിടിച്ച് നടത്തിയ ഭേദഗതി വഴി ദുര്‍ബലമാക്കി. ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഏത് ഇടപാടിനും ഫീസ് ചുമത്താവുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതിന് പിന്നാലെ, ഫീസ് ചുമത്തുന്നത് നിഷേധിച്ചവര്‍ തന്നെ ഒരു മാസം പിന്നിട്ടപ്പോൾ ഫീസ് പ്രഖ്യാപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങളും പ്രഖ്യാപനങ്ങും വാഗ്ദാനങ്ങളും ഒരു വഴിക്കും ജനങ്ങളുടെ അനുഭവങ്ങൾ എതിര്‍വഴിക്കുമാണ്. ഗ്യാസ് സബ്സിഡി നിര്‍ത്തലാക്കൽ, തൊഴിലുറപ്പ് ദുര്‍ബലപ്പെടുത്തൽ, റേഷൻ വെട്ടികുറക്കൽ, മണ്ണെണ്ണ വിതരം നിര്‍ത്തൽ, പെട്രോളിൽ എഥനോൾ എന്ന പേരിൽ മായം കലര്‍ത്തി വില കൂട്ടൽ, ഗ്യാസ് വില കൂട്ടൽ, ക്രൂഡ് ഓയിൽ വില റെക്കോര്‍ഡ് താഴ്ചയിൽ എത്തിയപ്പോഴും വില കൂട്ടൽ എന്നിങ്ങനെ ഓരോ ഘട്ടത്തിലും ജനത്തെ വഞ്ചിക്കുന്നു. പ്രതിഷേധം മറികടക്കാൻ പ്രചാരണ വിദ്യ പ്രയോഗിക്കുന്നു. ജനങ്ങളുടെ അനുഭവം തിരിച്ചാവുന്നു. ദുരിതമാവുന്നു.








0 comments