മുംബൈയെ മുക്കി പെരുമഴ; പരക്കെ നാശനഷ്ടം, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമായി. റോഡുകളിൽ വൻ വെള്ളക്കെട്ടും കനത്ത ഗതാഗത തടസ്സവുമാണ് അനുഭവപ്പെടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് വൻ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാവുകയും റെയിൽ ഗതാഗതം പൂർണ്ണമായും തടങ്ങുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 8.30 നും ബുധനാഴ്ച രാവിലെ 5.30 നും ഇടയിൽ രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നീ സ്റ്റേഷനുകളിലാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. രാം മന്ദിറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്— 224 മില്ലിമീറ്റർ. കൊളാബയിൽ 218.5 മി.മീറ്ററും സാന്താക്രൂസിൽ 210.6 മി.മീറ്ററും മഴ ലഭിച്ചു. ഇത്തവണ സാധാരണയേക്കാൾ 13 ദിവസങ്ങൾക്ക് ശേഷമാണ് മുംബൈയിൽ കാലവർഷം എത്തിയത്. കഠിനമായ ചൂടിൽ നിന്ന് ഇത് ആശ്വാസം നൽകിയെങ്കിലും പെട്ടെന്നുണ്ടായ അതിശക്തമായ മഴ നഗരത്തെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തി.
മഴയെത്തുടർന്ന് വിക്രോളി വെസ്റ്റിൽ ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിലെ സൺ സിറ്റി കോംപ്ലക്‌സിന് സമീപമുള്ള മതിൽ തകർന്നു വീണു. മറ്റൊരു അപകടത്തിൽ മരം കാറിന് മുകളിലേക്ക് വീണ് വാഹനം പൂർണ്ണമായും തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
കനത്ത മഴ സെൻട്രൽ റെയിൽവേയുടെ ട്രാൻസ്-ഹാർബർ ലൈൻ സർവീസുകളെയും സാരമായി ബാധിച്ചു. തുർഭെക്കും കോപ്പർഖൈറാനെയ്ക്കും ഇടയിലുള്ള ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് താനെക്കും വാഷിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രാവിലെ തിരക്കേറിയ സമയത്തുണ്ടായ ട്രെയിൻ തടസ്സം യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. പിന്നീട് വേഗത നിയന്ത്രണങ്ങളോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) അറിയിച്ചു. നിലവിൽ പലയിടങ്ങളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും ഗതാഗതം സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച മുംബൈയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ സേനകൾ അതീവ ജാഗ്രതയിലാണ്.










0 comments