മുംബൈയിൽ ബസുകൾക്കിടയിൽ കാറുകൾ കുടുങ്ങി അപകടം; അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

മുംബൈ: നഗരത്തിലെ കൊളാബയിൽ രണ്ട് ബസുകൾക്കിടയിൽ രണ്ട് കാറുകൾ കുടുങ്ങി തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ ഒരു വളർത്തുനായയ്ക്കും പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ഭക്തി പാർക്ക് ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിലായി രണ്ട് കാറുകളും നിർത്തിയിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ സ്വകാര്യ ബസ് അവസാനത്തെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന കാർ ബസിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറി പൂർണമായും തകർന്നു.
അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കി യാത്രക്കാരെ പുറത്തെടുത്തു. തുടർന്ന് പരിക്കേറ്റവരെ സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി പി കൺട്രോളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. വഡാലയിലെ ന്യൂ കഫ് പരേഡിലുള്ള ലോഡാ ജംഗ്ഷനിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
എൽ ടി എം ജി സിയോൺ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ നൽകിയ വിവരമനുസരിച്ച് രാത്രി 10.41-ഓടെ അഞ്ച് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ശിവാനി പാൽ (65), പ്രണീഷ് പാൽ (74), മധുപൂർൺ പാൽ (28), ഹസ്രത് ഷെയ്ഖ് (34), ബാലാജി പാണ്ഡുരംഗ് ജാദവ് (35) എന്നിങ്ങനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു








0 comments