ad
Deshabhimani

'ഇന്നുകൂടി കഴിയട്ടെ, നാളെ വീടൊഴിയാം'; മണിക്കൂറുകൾക്കകം ഭാര്യയും നാലുമക്കളും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ

mumbai bldng collapse
വെബ് ഡെസ്ക്

Published on Jul 07, 2026, 10:36 AM | 2 min read

മുംബൈ: 'ഇന്നുകൂടി കഴിയട്ടെ, നാളെ രാവിലെ നമുക്ക് ഇവിടുന്ന് മാറാം...' എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞ്, അവർക്ക് കഴിക്കാൻ ഭക്ഷണം വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു മൊയ്‌നുദ്ദീൻ. എന്നാൽ മിനിറ്റുകൾക്കകം പെയ്ത കനത്ത മഴയിൽ തൊട്ടടുത്തുള്ള നാല് നില അനധികൃത കെട്ടിടം മൊയ്‌നുദ്ദീന്റെ വീടിന് മുകളിലേക്ക് തകർന്നു വീണു. അപകടത്തിൽ ഇയാളുടെ ഭാര്യയും നാല് മക്കളും കളിക്കാൻ വന്ന അയൽപക്കത്തെ ആറ് വയസ്സുകാരിയും അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടു. മുംബൈയിലെ മാൻഖുർദിലുള്ള ജനതാ നഗറിലാണ് നാടിനെ നടുക്കിയ ദുരന്തം.


മൊയ്‌നുദ്ദീന്റെ ഭാര്യ അക്തർ ജഹാൻ (38), മക്കളായ കൈസർ ജഹ (14), ജലാലുദ്ദീൻ (9), സിറാജുദ്ദീൻ (6), അനാബിയ (3) എന്നിവരും അയൽവാസിയുടെ മകൾ ആലിയ അല്ലാഉദ്ദീൻ ഷെയ്ഖ് (6) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ടിൻ ഷീറ്റ് മേഞ്ഞ ഈ ചെറിയ വീട്ടിലായിരുന്നു മൊയ്‌നുദ്ദീനും കുടുംബവും താമസിച്ചിരുന്നത്.


ഞായറാഴ്ച രാവിലെ തന്നെ തൊട്ടടുത്തുള്ള നാല് നില കെട്ടിടം ഒരു വശത്തേക്ക് ചരിയുന്നതായും അതിലെ ടൈലുകൾ പൊട്ടിവീഴുന്നതായും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ആ കെട്ടിടത്തിലുണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞുപോവുകയും ചെയ്തു. അപകടസാധ്യത മനസ്സിലാക്കിയ മൊയ്‌നുദ്ദീൻ, ഒരു രാത്രി കൂടി കഷ്ടപ്പെട്ട് കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ വീട് മാറാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി വെറും പത്ത് മിനിറ്റിനുള്ളിലാണ് കെട്ടിടം തകർന്നു വീണതെന്ന് മൊയ്‌നുദ്ദീൻ കണ്ണീരോടെ ഓർക്കുന്നു.


മഴ കനത്തതിനാൽ ഞാൻ മക്കളോട് വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞു. ഭാര്യയോട് കുട്ടികൾക്ക് എന്തെങ്കിലും പാകംചെയ്യാൻ പറഞ്ഞു. ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങാൻ ഞാൻ പുറത്തേക്ക് പോയി. പത്ത് മിനിറ്റ് പോലും ആയിരുന്നില്ല, അപ്പോഴാണ് അപകടം,” മൊയ്നുദ്ദീൻ പറഞ്ഞു.


ഉത്തർപ്രദേശിലെ ബസ്തി ജില്ല സ്വദേശിയായ മൊയ്നുദ്ദീൻ മൻഖുർദിലാണ് ജനിച്ചു വളർന്നത്. കഴിഞ്ഞ രണ്ടുവർഷമായി കുടുംബം ജന്താ നഗറിലെ ഈ വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന അദ്ദേഹം കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ബിഎംസിയുടെ പദ്ധതികളിലും ജോലി ചെയ്തിരുന്നു.


“എന്റെ മക്കൾ വളരെ മിടുക്കരായിരുന്നു. ശിവാജി നഗർ മുനിസിപ്പൽ സ്കൂളിലാണ് അവർ പഠിച്ചിരുന്നത്,” മൊയ്നുദ്ദീൻ പറഞ്ഞു. ഭാര്യയെയും നാലുമക്കളെയും ഒരുമിച്ച് നഷ്ടപ്പെട്ട ഞെട്ടലിൽ നിന്ന് അദ്ദേഹം മുക്തനായിട്ടില്ല.


അപകടത്തിൽ മരിച്ച ആറുവയസ്സുകാരി ആലിയ, മൊയ്നുദ്ദീന്റെ മക്കളോടൊപ്പം കളിക്കാൻ എത്തിയതായിരുന്നു. “ആലിയ എന്റെ മക്കളുടെ അടുത്ത സുഹൃത്തായിരുന്നു. അവൾ പതിവായി വീട്ടിൽ വരും. അന്നും കളിക്കാൻ വന്നതായിരുന്നു. അതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്,” മൊയ്നുദ്ദീൻ പറഞ്ഞു.


ആലിയയുടെ മുത്തച്ഛനും പിതാവും ആശുപത്രിയുടെ പോസ്റ്റ്‌മോർട്ടം വിഭാഗത്തിന് പുറത്ത് കരച്ചിൽ അടക്കാനാകാതെ ഇരുന്നു. ‘ഞാൻ തയ്യൽക്കാരനാണ്. ഒരു മാസം മുമ്പാണ് എന്റെ മകൾ നൂർജഹാനും ഭർത്താവും കുട്ടികളും നല്ല ജോലിയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും പ്രതീക്ഷിച്ച് ഇവിടെ വന്നത്. മരുമകന് അടുത്തിടെ ട്രാൻസ്‌പോർട്ട് കമ്പനിയിൽ സൂപ്പർവൈസറായി ജോലി കിട്ടിയിരുന്നു. ഇവിടെ ഒരു വീട് കണ്ടെത്തി അവരെ സ്ഥിരപ്പെടുത്താനായിരുന്നു ആലോചന.


ആലിയയെ സ്കൂളിൽ ചേർത്തതും അടുത്തിടെയായിരുന്നു. അപകടസമയത്ത് അവളുടെ ഒന്നര വയസ്സുള്ള സഹോദരൻ ജയാൻ കൈയിലെ അണുബാധയെ തുടർന്ന് വാഡിയ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു.


ഈ ദുഃഖം ഞാൻ എങ്ങനെ സഹിക്കും? മരുമകൻ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മകൾ ആശുപത്രിയിൽ മകനെ നോക്കി തകർന്നിരിക്കുന്നു. എല്ലാവരെയും താങ്ങിനിർത്താൻ ഞാൻ ശക്തനായി നിൽക്കണം,’ ആലിയയുടെ മുത്തച്ഛൻ അഫ്താർ ഷെയ്ഖ് പറഞ്ഞു.


അപകടത്തിൽ പരിക്കേറ്റ റേഹാൻ അലി (23) രാജാവാടി ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന റേഹാന്റെ വലതുകൈക്ക് പൊട്ടലുണ്ട്. ‘ചുവരുകൾ കുലുങ്ങുന്നത് കണ്ടതോടെ സാധനങ്ങൾ മാറ്റിത്തുടങ്ങി. കുറച്ച് സാധനങ്ങൾ എടുക്കാൻ അകത്ത് കയറിയപ്പോഴാണ് കെട്ടിടം ഇടിഞ്ഞുവീണത്,’ റേഹാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home